തിരുവനന്തപുരം: ഉൾനാടൻ ജലാശയങ്ങളിൽനിന്ന് നിശ്ചിത വലുപ്പമില്ലാത്ത മീനുകളെ പിടിക്കാൻ വിലക്കുവരും. നാടൻ മത്സ്യയിനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിത്.

ആദ്യപടിയായി സംസ്ഥാന മത്സ്യമായ കരിമീനിനാണ് വലുപ്പം നിശ്ചയിക്കുക. പൊതുജലാശയങ്ങളിൽനിന്ന് പിടിച്ചുവിൽക്കുന്ന കരിമീനിന് 10 സെന്റീ മീറ്ററെങ്കിലും വലുപ്പമുണ്ടാകണമെന്നാണ് ഫിഷറീസ് വകുപ്പ് നിർദേശിക്കുന്നത്. വിജ്ഞാപനം ഉടനിറക്കും. മത്സ്യവിത്ത് ഉത്‌പാദനത്തിന്റെ ഗുണമേന്മ ഉറപ്പാക്കാനും വിപണനവും സംഭരണവും നിയന്ത്രിക്കാനുമായി കൊണ്ടുവന്ന മത്സ്യവിത്ത് ആക്ടിന്റെ ചുവടുപിടിച്ചാണ് നിയന്ത്രണം. നിയമവിധേയമായി വിത്ത് ഉത്‌പാദിപ്പിച്ച് നൽകാൻ വിലക്കുണ്ടാകില്ല.

അനധികൃത മത്സ്യബന്ധനത്തിലൂടെ ജലാശയങ്ങളിൽനിന്ന് വ്യാപകമായി കരിമീൻ വിത്ത് ശേഖരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ വിൽക്കുന്നുവെന്ന പരാതികളും നിയന്ത്രണം വേഗത്തിലാക്കാൻ കാരണമായി. നിശ്ചിത വലുപ്പമെത്താത്ത മീനിനെ പിടിക്കുന്നത് അവയുടെ വംശനാശത്തിനു കാരണമാകുന്നതായാണു വിലയിരുത്തൽ. നിശ്ചിതവലുപ്പം ഉണ്ടാവുകയും പ്രജനനത്തിന് അവസരം ലഭിക്കുകയും ചെയ്താലേ വംശനാശം തടയാനാകൂവെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു.

വിവിധ ചെമ്മീൻ ഇനങ്ങൾ, വരാൽ, കാരി, കൂരി, ഞണ്ട് തുടങ്ങിയവയും പിടിച്ചുവിൽക്കുന്നതിന് നിശ്ചിത വലുപ്പം നിശ്ചയിച്ച് വിജ്ഞാപനമിറക്കും.