ശബരിമല/പമ്പ: ശബരിമല ദർശനത്തിനായി കണ്ണൂർ സ്വദേശികളായ രേഷ്മ നിശാന്തും ഷാനില സജേഷും വീണ്ടുമെത്തി. പ്രതിഷേധമുണ്ടാകുമെന്ന് സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും പിൻമാറാൻ യുവതികൾ തയ്യാറായില്ല. ഇവരെ ആദ്യം നിലയ്ക്കലിൽനിന്ന് പ്ലാപ്പള്ളിയിലേക്കു മടക്കി. ഉച്ചയ്ക്ക് പുല്ലുമേട് വഴി എത്തിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ശബരിമല ദർശനത്തിന് കഴിഞ്ഞ ബുധനാഴ്ചയും ഇവരെത്തി മടങ്ങിയിരുന്നു.

ശനിയാഴ്ച പുലർച്ചെ 1.30-നാണ് രണ്ടു കാറുകളിലായി യുവതികൾ നിലയ്ക്കലെത്തിയത്. നേരത്തേ ഇവരുടെ യാത്രയ്ക്ക് പിന്തുണനൽകിയ യൂണിഫോമിലല്ലാത്ത പോലീസ് തന്നെയാണ് വീണ്ടും സഹായം നൽകിയത്. പോലീസ് കൺട്രോൾ റൂമിലെത്തി തുടർയാത്രയ്ക്ക് ഇവർ സഹായംതേടി. പോലീസ് സുരക്ഷാപ്രശ്നങ്ങൾ വിശദീകരിച്ചു.

മലകയറണമെന്ന തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്ന് യുവതികൾ പറഞ്ഞു. അഞ്ചുമണിയോടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെത്തി ഇവരുമായി ചർച്ചനടത്തി. പമ്പയിൽ സുരക്ഷയ്ക്കുള്ള സംഘത്തെ സജ്ജമാക്കുകയും ചെയ്തു. പക്ഷേ, പ്രതിഷേധം ഭയന്ന് യുവതികളെ പ്ലാപ്പള്ളിയിലെത്തിച്ചു. ഇവിടെനിന്ന് കെ.കെ. റോഡിലെത്തിച്ച് പുല്ലുമേടുവഴി സന്നിധാനത്ത് കൊണ്ടുവരാൻ തീരുമാനിച്ചു. വള്ളക്കടവിലും മറ്റും വിശ്വാസികൾ സംഘടിച്ചതോടെ ശ്രമം വേണ്ടെന്നുവെച്ചു.

രണ്ടുമണിക്കുശേഷം വനനിയമപ്രകാരം പുല്ലുമേട്ടിൽനിന്ന് സന്നിധാനത്തേക്ക് നടപ്പിന് അനുമതിയില്ലെന്ന് വനപാലകരും പോലീസിനെ അറിയിച്ചെന്നാണ് വിവരം. വെയിൽ താഴുന്നതോടെ വഴിയിൽ ആനക്കൂട്ടം ഇറങ്ങുന്നതാണ് കാരണം.

‘നവോത്ഥാനകേരളം ശബരിമലയ്ക്ക്’ എന്ന നവമാധ്യമ കൂട്ടായ്മയുടെ ഭാഗമായാണ് യുവതികൾ ശബരിമല ദർശനത്തിനെത്തിയത്. കൂട്ടായ്മയുടെ ചുമതലക്കാരൻ ശ്രേയസ്സ് കണാരനും ഇവർക്കൊപ്പമുണ്ടായിരുന്നു. ബുധനാഴ്ചയും ഇതേ സംഘത്തിനൊപ്പമാണ് യുവതികൾ ദർശനത്തിനെത്തിയത്. അന്ന് നീലിമല അടിവാരംവരെയെത്തിയ യുവതികളെ ഇതരസംസ്ഥാന തീർഥാടകരുടെ നേതൃത്വത്തിലാണ് തടഞ്ഞത്.

Content Highlights: reshma and shanila-sabarimala entry