തിരുവനന്തപുരം: റിസർവ് ബാങ്ക് സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്തെ രണ്ടുലക്ഷത്തോളം പേർക്ക് ശമ്പളവും പെൻഷനും മുടങ്ങി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായാണ് ശമ്പള-പെൻഷൻ വിതരണം തടസ്സപ്പെട്ടത്.

തകരാർ പരിഹരിക്കാൻ റിസർവ് ബാങ്കുമായി ബന്ധപ്പെട്ടതായി ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു. ബുധനാഴ്ചയോടെ പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്.

പ്രശ്‌നം ഇ-കുബേറിൽ

എല്ലാ മാസവും ആദ്യം ജീവനക്കാരുടെ ശമ്പളബില്ലുകൾ പാസാക്കി പണം സർക്കാർ ട്രഷറിയിൽ നിക്ഷേപിക്കും. ഇവിടെനിന്ന് ജീവനക്കാരുടെയും പെൻഷൻകാരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കു റിസർവ് ബാങ്കിന്റെ ‘ഇ-കുബേർ’ എന്ന ഓൺലൈൻ സംവിധാനത്തിലൂടെയാണ് പണം കൈമാറുന്നത്. റിസർവ് ബാങ്കിന്റെ ആസ്ഥാനം മുംബൈയിലാണ്. മഹാരാഷ്ട്രയിൽ മഴ ഇന്റർനെറ്റ് ശൃംഖലയെ ബാധിച്ചതിനാൽ ഇ-കുബേർ പോർട്ടൽ ശരിയായി പ്രവർത്തിക്കുന്നില്ല. ഇതാണ് ശമ്പളവും പെൻഷനും അക്കൗണ്ടുകളിലെത്താൻ വൈകുന്നത്.

ശമ്പളം വൈകുന്നത് ആദ്യമായാണെന്നു പ്രതിപക്ഷം സഭയിൽ പറഞ്ഞു. ഇതിനു സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധമുണ്ടെന്നും അവർ ആരോപിച്ചു. എന്നാൽ, റിസർവ് ബാങ്കിന്റെ സെർവർ തകരാർ മാത്രമാണു കാരണമെന്ന് തോമസ് ഐസക് പറഞ്ഞു. ഇതിനെ മറ്റൊരു തരത്തിൽ ചിത്രീകരിക്കുന്നതു ശരിയല്ല. പണം ട്രഷറിയിലേക്കു മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കിട്ടേണ്ടിയിരുന്നത് മൂന്നുലക്ഷം പേർക്ക്

മാസത്തിലെ ആദ്യ രണ്ടു ദിവസങ്ങളിലായി ഏകദേശം മൂന്നുലക്ഷം പേർക്കാണു ശമ്പളം കിട്ടേണ്ടിയിരുന്നത്. തിങ്കളാഴ്ച ഒരുവിഭാഗം ജീവനക്കാർക്ക് ശമ്പളം കിട്ടി. ബാങ്ക് അക്കൗണ്ടിൽ ശമ്പളം സ്വീകരിക്കുന്നവർക്കാണ് പ്രധാനമായും മുടങ്ങിയത്. ട്രഷറി അക്കൗണ്ടുകളിലേക്കു ശമ്പളം മാറ്റിയ ട്രഷറി, പൊതുഭരണം, ധനകാര്യം വകുപ്പുകളിലെ ഭൂരിഭാഗം ജീവനക്കാർക്കും മുടങ്ങിയിട്ടില്ല.

റിസർവ് ബാങ്ക് ഇ-കുബേർ സംവിധാനവുമായി ശമ്പളവിതരണം ബന്ധിപ്പിച്ചിട്ടുള്ള ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എല്ലാ ജീവനക്കാരും ആദ്യ ദിവസങ്ങളിൽത്തന്നെ ശമ്പളം ബാങ്കുകളിൽനിന്നു പിൻവലിക്കാറില്ല. അതിനാൽ ശമ്പളവും പെൻഷനും വൈകിയതു സംബന്ധിച്ച് കാര്യമായ പരാതികളില്ലെന്നു ട്രഷറി ഡയറക്ടർ എ.എം. ജാഫർഖാൻ പറഞ്ഞു.

content highlights: reserve bank server issue pension distribution affected