തിരുവനന്തപുരം: ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് പത്തുശതമാനം സംവരണം നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പാകുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സംവരണം നടപ്പാക്കി തയ്യാറാക്കിയ ഉദ്യോഗാർഥികളുടെ സാധ്യതാ പട്ടിക വെള്ളിയാഴ്ച പുറത്തിറക്കും. സംസ്ഥാനത്ത് ആദ്യമായാണ് നിലവിൽ സംവരണമില്ലാത്ത സമുദായങ്ങൾക്ക് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി. ക്ലാർക്ക്-സബ്ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-2 തസ്തികയിൽ ജൂൺ രണ്ടിനു നടത്തിയ ഒ.എം.ആർ. പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള പട്ടികയാണ് പ്രസിദ്ധീകരിക്കുന്നതെന്നു കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻനായർ പത്രസമ്മേളനത്തിൽ പറഞ്ഞു. അഭിമുഖം ഒഴിവാക്കിയിരുന്നു.

സർക്കാർ സർവീസിൽ നിലവിലുള്ളതിനേക്കാൾ കൂടുതലാണ് ദേവസ്വം ബോർഡുകളിൽ സമുദായങ്ങൾക്ക് സംവരണാനുകൂല്യമെന്നും അദ്ദേഹം വിശദീകരിച്ചു. പിന്നാക്ക സമുദായങ്ങൾക്കും പട്ടികജാതി വിഭാഗങ്ങൾക്കും എട്ടുശതമാനം സംവരണം കൂടുതൽ കിട്ടും.

പ്രധാന പട്ടികയിൽ 183 പേർ

പരീക്ഷയെഴുതിയ 85,173 പേരിൽനിന്ന് 183 പേർ പ്രധാന പട്ടികയിലും 173 പേർ ഉപ പട്ടികയിലും ഉൾപ്പെട്ടു. 100 മാർക്കിന്റെ പരീക്ഷയിൽ കട്ടോഫ് മാർക്ക് 84. ജാതി, മേൽത്തട്ട്, സാമ്പത്തിക സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അന്തിമപട്ടിക പ്രസിദ്ധീകരിക്കും. ഉദ്യോഗാർഥികൾ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് നൽകണം.

ഇനിമുതൽ സംവരണം ഇങ്ങനെ

ദേവസ്വം നിയമനങ്ങളിൽ ഇനിമുതൽ മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയുള്ളവർക്ക് സംവരണം 10 ശതമാനം. ഈഴവ-17, പട്ടികജാതി-വർഗം-12, മറ്റു പിന്നാക്കക്കാർ -6, വിശ്വകർമ- 3, ധീവര, ഹിന്ദു നാടാർ വിഭാഗങ്ങൾ-ഒരു ശതമാനം വീതം.

നിലവിലുള്ള 68:32 എന്ന സംവരണക്രമം 50:50 ആക്കി.

മാനദണ്ഡങ്ങൾ

സാമ്പത്തിക സംവരണത്തിന് നാലു മാനദണ്ഡങ്ങളുണ്ട്. വർഷം മൂന്നുലക്ഷത്തിൽക്കൂടുതൽ വരുമാനമുള്ള കുടുംബാംഗമാകരുത്. കുടുംബത്തിൽ ആദായനികുതി നൽകുന്നവരുണ്ടാകരുത്. ഒരേക്കറിലധികം ഭൂമിയോ സർക്കാരുദ്യോഗസ്ഥരോ ഉള്ള കുടുംബാംഗമാകരുത്.

Content Highlights: reservation under financially backward in Devaswam boards