തൃശ്ശൂർ: യു.ജി.സി. നിയമം അനുശാസിക്കുന്ന വിധത്തിൽ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണതത്ത്വം പാലിക്കുന്നത് ഉറപ്പാക്കാൻ നിർദേശം. കമ്മിഷനിൽനിന്ന് സഹായധനം കൈപ്പറ്റുന്ന എല്ലാ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നാണ് യു.ജി.സി. ആവശ്യപ്പെട്ടിരിക്കുന്നത്.

എല്ലാ സ്ഥാപനങ്ങളും സ്വന്തം വെബ്സൈറ്റുകളിൽ സംവരണ റോസ്റ്റർ പ്രസിദ്ധീകരിക്കണമെന്നത് നിർബന്ധമാണ്. ഇതിലെ വിവരങ്ങൾ കൃത്യമായി പരിഷ്‌കരിക്കേണ്ടതുമാണ്. അധ്യാപക-അനധ്യാപക വിഭാഗങ്ങളിലെ വിവിധ വിഭാഗം തസ്തികകളിൽ സമയോചിതമായി നിയമനം നടത്തണമെന്നും ഇക്കാര്യത്തിൽ നീക്കിബാക്കി പാടില്ലെന്നുമാണ് നിർദേശം. ഇത്തരത്തിൽ മൊത്തം ജീവനക്കാർ, സംവരണവിഭാഗനിയമനങ്ങൾ തുടങ്ങിയ പൂർണമായ വിവരങ്ങൾ സഹിതം സമർപ്പിക്കുകയും വേണം.

എല്ലാ കോഴ്‌സുകൾക്കും പഠിക്കുന്ന കുട്ടികളെ സംബന്ധിച്ച സംവരണവിവരങ്ങളും ഹോസ്റ്റൽ ഉപയോഗിക്കുന്നവരുടെ വിവരങ്ങളും ഇത്തരത്തിൽ നൽകേണ്ടതാണ്. കമ്മിഷന്റെ യൂണിവേഴ്‌സിറ്റി ആക്ടിവിറ്റി മോണിറ്ററിങ്‌ പോർട്ടലിലാണ് ഇത് ലഭ്യമാക്കേണ്ടത്. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്കസമുദായങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്കുള്ള സംവരണവിവരങ്ങളാണ് ഇത്തരത്തിൽ പരിഗണിക്കേണ്ടത്. സംവരണക്കാര്യത്തിൽ പല സ്ഥാപനങ്ങളും വലിയ അനാസ്ഥ പുലർത്തുന്നതായി ആക്ഷേപമുയർന്ന സാഹചര്യത്തിൽ ഒന്നരവർഷംമുൻപാണ് യു.ജി.സി. കർശനനിർദേശവുമായി രംഗത്തുവന്നത്.

Content Highlights: reservation; Students' information should also be provided- ugc