തൃശ്ശൂർ: സംസ്ഥാനത്തെ 10 തീവണ്ടികളിൽ ഓട്ടത്തിനിടെ റിസർവ് ചെയ്യാനുള്ള സംവിധാനം നിലവിൽ വന്നു. പ്രധാന സ്റ്റേഷനുകളെ ’വെർച്വൽ റിമോട്ട്’ ബുക്കിങ് എന്ന സംവിധാനത്തിൽ ഉൾപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്.
സാധാരണ ടിക്കറ്റെടുത്തുകയറി ടി.ടി.ഇ.യിൽനിന്ന് റിസർവ് ടിക്കറ്റാക്കി മാറ്റാനുള്ള അവസരം ഇല്ലാതായതാണ് പുതിയ സംവിധാനം നടപ്പിലാക്കാൻ കാരണം.
ലോക്ഡൗണിനു ശേഷം തീവണ്ടികളിൽ റിസർവേഷൻ ടിക്കറ്റുകൾ മാത്രമാണ് അനുവദിക്കുന്നത്. എല്ലാ വണ്ടികളും ഇപ്പോൾ സ്പെഷ്യൽ ആയിട്ടാണ് ഓടുന്നതും.
വെർച്വൽ റിമോട്ട് സ്റ്റേഷനായി നിശ്ചയിച്ച സ്റ്റേഷനിൽ വണ്ടി എത്തുന്നതിന് അര മണിക്കൂർ മുമ്പുവരെ ഇതുപ്രകാരം റിസർവ് ചെയ്യാം. പ്രതിദിന യാത്രക്കാർക്ക് ഏറെ ഗുണകരമാണ് പുതിയ തീരുമാനം.
ഉദാഹരണത്തിന് തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പുറപ്പെടുന്ന ഏറനാട് എക്സ്പ്രസിന്റെ റിസർവേഷൻ, വണ്ടി പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പ് അവസാനിക്കും. രണ്ട് മണിക്കൂർ മുൻപ് ചാർട്ടിടുമെങ്കിലും വണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപു വരെ റിസർവേഷൻ സാധിക്കുമായിരുന്നു. എന്നാൽ, വണ്ടി ഓടി എറണാകുളത്തുന്നതിന് അരമണിക്കൂർ മുമ്പ് വരെ, അവിടെനിന്ന് സീറ്റ് ലഭ്യമാണെങ്കിൽ റിസർവ് ചെയ്യാം എന്നതാണ് പുതിയ സംവിധാനത്തിന്റെ മെച്ചം. എറണാകുളം പോലെ തൃശ്ശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ എന്നീ പ്രധാന സ്റ്റേഷനുകളിലും ഈ വണ്ടിക്ക് സൗകര്യം ലഭിക്കും.
ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള മെയിലിന്റെ റിസർവേഷൻ പുറപ്പെടുന്ന ദിവസം രാത്രി 7.15-ന് അവസാനിക്കുമായിരുന്നു. എന്നാൽ, പുതിയ സംവിധാനപ്രകാരം പുലർച്ചെ 4.50 വരെ ഈ വണ്ടിക്ക് തൃശ്ശൂരിൽനിന്ന് റിസർവ് ചെയ്യാം. സീറ്റ് ലഭ്യമാണെങ്കിൽ മാത്രമേ ഈ സൗകര്യമുണ്ടാകൂ.
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ജനറൽ ടിക്കറ്റ് കൊടുത്തുകൊണ്ടിരിക്കുന്ന കൗണ്ടറുകളിൽ ഇതിനായി 24 മണിക്കൂറും സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
മറ്റ് സ്റ്റേഷനുകളിലും ഇത് നടപ്പാക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.
തീവണ്ടികളും വെർച്വൽ റിമോട്ട് സ്റ്റേഷനുകളും ഇവയാണ്.
1. ഗുരുവായൂർ-തിരുവനന്തപുരം ഇൻറർസിറ്റി (എറണാകുളം, ആലപ്പുഴ, കൊല്ലം)
2. ചെന്നൈ- തിരുവനന്തപുരം മെയിൽ (തൃശ്ശൂർ, എറണാകുളം, കോട്ടയം)
3. ഷൊർണൂർ - തിരുവനന്തപുരം വേണാട് (തൃശ്ശൂർ,എറണാകുളം, കോട്ടയം)
4. പാലക്കാട് - തിരുനൽവേലി പാലരുവി (തൃശ്ശൂർ, എറണാകുളം, കോട്ടയം, കൊല്ലം)
5. എറണാകുളം- കാരക്കൽ എക്‌സ്‌പ്രസ് (തൃശ്ശൂർ)
6. തിരുവനന്തപുരം - മംഗലാപുരം മലബാർ (കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ)
7. ഇരുഭാഗത്തേക്കുമുള്ള ഏറനാട് (എറണാകുളം, തൃശ്ശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ)
8. ഇരുവശത്തേക്കുമുള്ള മംഗലാപുരം- കോയമ്പത്തൂർ ഇൻറർ സിറ്റി (പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ)