തിരുവനന്തപുരം: സൗരോര്‍ജം, കാറ്റ് തുടങ്ങിയ പുനരുപയോഗ സ്രോതസ്സുകളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഹരിതവൈദ്യുതിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ നയംമാറ്റവുമായി കേന്ദ്രം. ഉപഭോക്താവ് ഹരിതവൈദ്യുതി ആവശ്യപ്പെട്ടാല്‍ കെ.എസ്.ഇ.ബി. ഉള്‍പ്പെടെയുള്ള വിതരണ ഏജന്‍സികള്‍ അതു നല്‍കണം. ഇതിന് നിയമപ്രാബല്യം നല്‍കുന്ന കരട് ചട്ടം കേന്ദ്ര ഊര്‍ജമന്ത്രാലയം പുറത്തിറക്കി.

സ്വന്തം ആവശ്യത്തിന്റെ ഒരു പങ്ക് വൈദ്യുതി പരിസ്ഥിതിസൗഹൃദ ഹരിതവൈദ്യുതിയില്‍നിന്ന് നിറവേറ്റാമെന്ന് ഒരു സ്ഥാപനം തീരുമാനിച്ചെന്നിരിക്കട്ടെ. അവരത് സ്വന്തമായി ഉത്പാദിപ്പിക്കുന്നില്ലെങ്കില്‍ വിതരണ ഏജന്‍സികളോട് ആവശ്യപ്പെടാം.

സ്ഥാപനം ആവശ്യപ്പെടുന്ന അളവില്‍ ഹരിതവൈദ്യുതി നല്‍കാന്‍ ഏജന്‍സി ബാധ്യസ്ഥമാകും. അല്ലെങ്കില്‍ സംസ്ഥാനത്തിനു പുറത്തുനിന്ന് സ്ഥാപനങ്ങള്‍ക്ക് ഹരിതവൈദ്യുതി കൊണ്ടുവരാം. ഇതിന്റെ വില അതത് സംസ്ഥാനങ്ങളിലെ റെഗുലേറ്ററി കമ്മിഷനുകള്‍ നിശ്ചയിക്കും.

നൂറ് കിലോവാട്ടിനു മുകളില്‍ കണക്ടഡ് ലോഡുള്ള ഉപഭോക്താക്കള്‍ക്കാണ് പുതിയ നയം ബാധകമാകുക. കേരളത്തില്‍ ഈ വിഭാഗത്തില്‍ വരുന്നത് വാണിജ്യ-വ്യവസായ (ഹൈ ടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍) സ്ഥാപനങ്ങളാണ്. 1.3 കോടി ഉപഭോക്താക്കളില്‍ ആറായിരം പേരാണ് ഈ മേഖലയിലുള്ളത്.

കേന്ദ്ര വൈദ്യുതിനിയമത്തിന്റെ ചട്ടങ്ങളിലാണ് മാറ്റം. ഹരിതവൈദ്യുതി ഉത്പാദനരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്. വരുന്ന പത്തുവര്‍ഷം ഹരിതവൈദ്യുതി, ഹൈഡ്രജന്‍ ഇന്ധനം ഉത്പാദനമേഖലയില്‍ 1.5 ലക്ഷം കോടി രൂപ മുതല്‍മുടക്കുമെന്ന് അദാനി ഗ്രൂപ്പും 75,000 കോടി മുടക്കുമെന്ന് റിലയന്‍സും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

വ്യവസായ, വാണിജ്യ ഉപഭോക്താക്കളെ അതത് സംസ്ഥാനങ്ങള്‍ക്ക് പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാന്‍ അനുവദിക്കുന്ന ഓപ്പണ്‍ ആക്സസ് സമ്പ്രദായം ഇപ്പോള്‍ പല സംസ്ഥാനങ്ങളിലുമുണ്ട്. ഇതേ രീതി ഹരിതവൈദ്യുതിയുടെ കാര്യത്തില്‍ നടപ്പാക്കുന്നതാണ് പുതിയ ചട്ടം.

ഓപ്പണ്‍ ആക്സസ് ഉപഭോക്താക്കള്‍ ഇനി ഒരു നിശ്ചിത അളവില്‍ ഹരിതവൈദ്യുതി ഉപയോഗിക്കണം. കെ.എസ്.ഇ.ബി. പോലുള്ള വിതരണ ലൈസന്‍സികള്‍ക്കും സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്കും ഇത് ബാധകമാവും. പുറത്തുനിന്ന് ഹരിതവൈദ്യുതി കൊണ്ടുവരാന്‍ അപേക്ഷിച്ചാല്‍ 15 ദിവസത്തിനകം അനുമതിനല്‍കണം.

ഉപഭോക്താക്കള്‍ അവശ്യപ്പെടുന്നത്ര അളവില്‍ ആ ഏജന്‍സി ഹരിതവൈദ്യുതി ഉത്പാദിപ്പിക്കുകയോ വാങ്ങുകയോ ചെയ്യണം. കരട് ഭേദഗതിയില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായംകൂടി പരിഗണിച്ച് അന്തിമതീരുമാനമുണ്ടാവും.