അമ്പലപ്പുഴ: കോവിഡ് രോഗിയുടെ മരണം ബന്ധുക്കളെ യഥാസമയം അറിയിക്കുന്നതിൽ വീണ്ടും വീഴ്ചവരുത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി. കോവിഡ് തീവ്രപരിചരണവിഭാഗത്തിൽ കഴിഞ്ഞ ചെങ്ങന്നൂർ പെണ്ണൂക്കര കവണോടിയിൽ തങ്കപ്പന്റെ (68) മരണം നാലുദിവസം കഴിഞ്ഞാണ് ആശുപത്രിയിലുണ്ടായിരുന്ന മകൻ അറിയുന്നത്. അതും തീവ്രപരിചരണവിഭാഗത്തിൽ അച്ഛന്റെ വിവരം അന്വേഷിച്ചുചെന്നപ്പോൾ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ടുനൽകാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി. ബന്ധുക്കളുടെ മൊഴിയിൽ അമ്പലപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്.

കൊല്ലം കാവനാട് വാലുവിള ദേവദാസി (58)ന്റെ മരണം ബന്ധുക്കളറിഞ്ഞതു രണ്ടുദിവസം കഴിഞ്ഞാണെന്നു പരാതി ഉയർന്നതു ശനിയാഴ്ചയാണ്.

കോവിഡ് ബാധിച്ച ഭാര്യ ചന്ദ്രികയ്‌ക്കു കൂട്ടിരിപ്പുകാരനായി ഈമാസം ഏഴിനു രാവിലെയാണു തങ്കപ്പൻ മെഡിക്കൽ കോളേജിൽ എത്തുന്നത്. ഇദ്ദേഹത്തിനു നേരത്തേ കോവിഡ് വന്നു മാറിയിട്ടുള്ളതാണ്. ഒൻപതാം തീയതി അസ്വസ്ഥത തോന്നിയ ഇദ്ദേഹത്തിനെ പരിശോധിച്ചപ്പോൾ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. അന്നുതന്നെ കോവിഡ് തീവ്രപരിചരണവിഭാഗത്തിലാക്കി. 10-ാം തീയതി വൈകീട്ട് അഞ്ചിനാണു മരിച്ചത്. ബന്ധുക്കൾ നൽകിയ നമ്പരിൽ വിളിച്ചിട്ടു കിട്ടാതെ വന്നപ്പോൾ മൃതദേഹം മോർച്ചറിയിലേക്കു മാറ്റുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. ഈസമയം ഇദ്ദേഹത്തിന്റെ ഭാര്യ കോവിഡ് വാർഡിൽ ചികിത്സയിലുണ്ടായിരുന്നു. ഇരുവരുടെയും സഹായത്തിനു മകൻ ജിത്തു ആശുപത്രിയിലുമുണ്ടായിരുന്നു.

ശനിയാഴ്ചരാത്രി അച്ഛന്റെ വിവരമറിയാൻ ജിത്തു തീവ്രപരിചരണവിഭാഗത്തിൽ അന്വേഷിച്ചപ്പോഴാണു നാലുദിവസം മുൻപു മരിച്ചതായി അറിയുന്നത്. ബന്ധുക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവികമരണത്തിനു കേസെടുത്തതായി അമ്പലപ്പുഴ ഇൻസ്‌പെക്ടർ എസ്. ദ്വിജേഷ് പറഞ്ഞു.

ബന്ധുക്കൾ നൽകിയ ഫോൺ നമ്പരിൽ എട്ടുതവണ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോഴാണ് പോലീസ് എയ്ഡ്‌പോസ്റ്റിൽ വിവരം അറിയിച്ചു മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ പറഞ്ഞു.

ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം കോട്ടയം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗത്തിലെ പ്രൊഫ. ഡോ. രാജീവിന്റെ നേതൃത്വത്തിൽ മൂന്നംഗ ഉന്നതതലസംഘം തിങ്കളാഴ്ച അന്വേഷണത്തിനെത്തും.

വളരെ ഗുരുതരമായാണ് വിഷയത്തെ കാണുന്നതെന്നും കുറ്റക്കാർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. തങ്കപ്പന്റെ മരണം ആശുപത്രിയിൽ കഴിയുന്ന ഭാര്യ ചന്ദ്രികയെ ബന്ധുക്കൾ അറിയിച്ചിട്ടില്ല. ഇവർക്കു ഞായറാഴ്ച രാവിലെ കോവിഡ് നെഗറ്റീവ് ആയിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ചരാത്രി കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ചു വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ജിതിനാണ്‌ രണ്ടാമത്തെ മകൻ.

Content Highlights: relatives found covid death four days later