കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട ഹർജികൾ നേരത്തേ വാദം കേട്ട് തീർപ്പാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. നൽകിയ അപേക്ഷ ഹൈക്കോടതി തള്ളി. ചൊവ്വാഴ്ച ഹർജി പരിഗണനയ്ക്കുവന്നപ്പോൾ എതിർ സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം വേണമെന്നും കേസിൽ ഹാജരാകാൻ അഡീഷണൽ സോളിസിറ്റർ ജനറലിന്റെ സമയം കിട്ടേണ്ടതുണ്ടെന്നും സി.ബി.ഐ. അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് സി.ബി.ഐ.യുടെ അപേക്ഷ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ തള്ളിയത്.

എതിർ സത്യവാങ്മൂലവും അഡീഷണൽ സോളിസിറ്റർ ജനറലിന്റെ അനുയോജ്യമായ തീയതിയും ലഭിച്ചശേഷം വീണ്ടും അപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി. ലൈഫ് മിഷനെതിരായ അന്വേഷണം കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തതിനാൽ അന്വേഷണം തടസ്സപ്പെട്ടിരിക്കുകയാണെന്ന് കാട്ടിയായിരുന്നു സി.ബി.ഐ. കോടിയെ സമീപിച്ചത്.

ചൊവ്വാഴ്ച ഹർജി പരിഗണനയ്ക്കുവന്നപ്പോൾ വാദത്തിന് തയ്യാറാണോയെന്ന് കോടതി സി.ബി.ഐ.യോട് ചോദിച്ചു. എതിർ സത്യവാങ്മൂലം ഫയൽ ചെയ്യാനാകാത്തതിനാൽ തയ്യാറല്ലെന്ന് സി.ബി.ഐ.യുടെ അഭിഭാഷകൻ അറിയിച്ചു. കോടതി ചോദിച്ചപ്പോൾ എതിർ സത്യവാങ്മൂലം അംഗീകാരത്തിനായി ഹെഡ് ക്വാർട്ടേഴ്‌സിലേക്ക് അയച്ചിരിക്കുകയാണെന്നായിരുന്നു സി.ബി.ഐ. വിശദീകരണം.

സി.ബി.ഐ.യുടെ ഈ നടപടി മനോവേദന ഉണ്ടാക്കുന്നതാണെന്ന് ലൈഫ് മിഷനായി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ കെ.വി. വിശ്വനാഥൻ വാദിച്ചു. എതിർ സത്യവാങ്മൂലം തയ്യാറാക്കിയിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അപേക്ഷ നൽകിയത്. മാധ്യമങ്ങളിൽ വാർത്തവരുത്തി സർക്കാരിനെ മോശമാക്കാൻ വേണ്ടിയാണിതെല്ലാമെന്നും അഭിഭാഷകൻ പറഞ്ഞു. ഇക്കാര്യത്തിൽ നിഗമനങ്ങൾക്ക് തയ്യാറല്ലെന്ന് കോടതി വ്യക്തമാക്കി.

Content Highlights: rejected the CBI's demand for an immediate hearing