തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറയ്ക്കുന്നതിനെക്കുറിച്ച് മോട്ടോർവാഹനവകുപ്പ് സമർപിച്ച കരട് നിർദേശം നിയമവകുപ്പിന്റെ പരിഗണനയിൽ. നിയമവകുപ്പിന്റെ ശുപാർശ സഹിതമുള്ള റിപ്പോർട്ട് ബുധനാഴ്ച സർക്കാരിന് കൈമാറും.

കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതിയിൽ സംസ്ഥാനത്തിന് പിഴ തുക നിശ്ചയിക്കാൻ അനുമതിയുള്ള ഏഴ് നിയമലംഘനങ്ങൾക്ക് പുറമേ മറ്റുള്ളവയ്ക്കും കുറഞ്ഞ പിഴ നിർദേശിച്ചിട്ടുണ്ട്. ഇതിന് നിയമപ്രാബല്യമുണ്ടോയെന്നാണ് ഉപദേശം തേടിയത്.

നിയമസെക്രട്ടറിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും സർക്കാർ തീരുമാനമെടുക്കുക. ഈടാക്കേണ്ട പിഴ നിരക്കും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചിലമാറ്റങ്ങളോടെയാകും സർക്കാർ അംഗീകരിക്കുക.

കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ചല്ല കേന്ദ്രനിയമത്തിൽ പിഴ നിശ്ചയിച്ചിട്ടുള്ളതെന്നാണ് സംസ്ഥാനത്തിന്റെ പരാതി. കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പിഴ കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്.

ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതിനുള്ള പിഴ സംബന്ധിച്ചാണ് ഏറെ ആരോപണം. വ്യക്തികളുടെ നേരിട്ടുള്ള സുരക്ഷാ കാര്യങ്ങളിൽ അത്ര കടുംപിടിത്തം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. അതേസമയം ഡ്രൈവറുടെ പിഴവുകാരണം മറ്റുള്ളവരുടെ ജീവൻ അപകടത്തിൽപ്പെടാനിടയുള്ള കുറ്റകൃത്യങ്ങളിൽ കാര്യമായ ശിക്ഷ കുറയ്ക്കേണ്ടെന്നും കരട് നിർദേശത്തിലുണ്ട്. ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽഫോൺ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിങ്, അലക്ഷ്യമായ ഡ്രൈവിങ് എന്നിവയാണ് ഈ വിഭാഗത്തിലുള്ളത്.

കേന്ദ്രനിയമം അനുശാസിക്കുന്നതിൽനിന്ന് പിഴകുറച്ചാൽ നിയമപരമായി നിലനിൽക്കില്ലെന്ന നിയമോപദേശമാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. എന്നാൽ സംസ്ഥാനങ്ങൾ പിഴ കുറച്ചതിനെ സുപ്രീംകോടതി അംഗീകരിച്ച കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമവിഭാഗം നീങ്ങുന്നത്. നിയമസെക്രട്ടറിയുടെ അന്തിമറിപ്പോർട്ട് ലഭിച്ചശേഷം സർക്കാർ അന്തിമ തീരുമാനം എടുക്കും. പെരുമാറ്റച്ചട്ടം തടസ്സമാകാനിടയുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താകും പിഴ കുറയ്ക്കൽ നടപ്പാക്കുക.

Content Highlights: reduce motor vehicle fines