തിരുവനന്തപുരം: ഒരാഴ്ചത്തെ ഗൃഹസന്ദർശന പരിപാടിയിൽ പാർട്ടി നേതാക്കൾക്കു ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ തിരുത്തൽനടപടി സ്വീകരിക്കാൻ സി.പി.എം. തീരുമാനം. ഇതിനായി 18 മുതൽ 23 വരെ നേതൃയോഗം ചേരും.

ആദ്യ മൂന്നുദിവസം സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്നുള്ള മൂന്നുദിവസം സംസ്ഥാന സമിതി യോഗവുമാണു ചേരുക. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

ഗൃഹസന്ദർശനത്തിലെ വിവരങ്ങളുടെ ബ്രാഞ്ചുതല റിപ്പോർട്ടിന് നിർദേശിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും റിപ്പോർട്ടുകൾ അതത് ജില്ലാ കമ്മിറ്റികൾ പരിശോധിക്കും. ഈ റിപ്പോർട്ടുകളുടെ ഉള്ളടക്കമാണ് ജില്ലാഘടകം സംസ്ഥാന നേതൃത്വത്തെ അറിയിക്കേണ്ടത്. 14 ജില്ലാ റിപ്പോർട്ടുകളും ആദ്യം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കും. ഇത് സംസ്ഥാനസമിതിയിൽ റിപ്പോർട്ട് ചെയ്യും.

ഗൃഹസന്ദർശനത്തിലുണ്ടായ അനുഭവങ്ങളും ജില്ലാഘടകത്തിന്റെ റിപ്പോർട്ടും പരിഗണിച്ചുള്ള തിരുത്തൽ നടപടിക്കാകും സംസ്ഥാനസമിതി രൂപംനൽകുക. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുമുമ്പായി ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടികളാണ് പാർട്ടി ലക്ഷ്യമിടുന്നത്. ബ്രാഞ്ച് ഘടകത്തിന്റെ പ്രവർത്തനം, പ്രാദേശിക വിഷയങ്ങളിലുള്ള ഇടപെടൽ എന്നിവയ്ക്കാണ് സി.പി.എം. മുൻഗണന നൽകുന്നത്.

സി.പി.ഐ.യ്ക്ക് വീണ്ടും ഉറപ്പുമാത്രം

എറണാകുളത്തെ ലാത്തിച്ചാർജിൽ കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടിയെടുക്കുമെന്ന് സി.പി.ഐ. നേതാക്കൾക്ക് വീണ്ടും മുഖ്യമന്ത്രിയുടെ ഉറപ്പ്. കളക്ടറുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടും നടപടി വൈകുന്നതിനെത്തുടർന്നാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണ്ടത്. സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലുണ്ടായ നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

കളക്ടറുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയിട്ടുണ്ടെന്നും സെക്രട്ടറിയുടെ മറുപടി കിട്ടിയശേഷം നടപടിയെടുക്കുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്. വെള്ളിയാഴ്ച നടപടിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അതുണ്ടാകാത്തതിനെ തുടർന്നാണ് സി.പി.ഐ. നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്.

Content Highlights: rectification process started in Kerala CPIM