തിരുവനന്തപുരം: പാർട്ടിനേതാക്കളുടെയും കമ്മിറ്റികളുടെയും ശുപാർശ ക്കത്തുകൾ ദുരുപയോഗം ചെയ്യുന്നതായി സി.പി.എമ്മിന്റെ കണ്ടെത്തൽ. കത്തിന്റെ പകർപ്പെടുത്ത് പലഘട്ടത്തിൽ ഉപയോഗിക്കുന്ന രീതിയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാൽ, ശുപാർശക്കത്തുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും കത്തുകൾ ഡിജിറ്റലായി നൽകാനും സി.പി.എം. നിർദേശിച്ചു.

നേതാക്കൾ മന്ത്രിമാർക്ക് അടക്കം വ്യക്തിപരമായി കത്ത് നൽകുന്ന രീതി വിലക്കി. സർക്കാർതലത്തിലേക്ക് ശുപാർശക്കത്ത് നൽകാനുള്ള അധികാരം പാർട്ടി ഘടകങ്ങൾക്ക് മാത്രമാക്കി. ശുപാർശക്കത്തുകൾ ഒരു കാരണവശാലും വ്യക്തികളുടെ കൈയിൽ കൊടുത്തയക്കരുത്. ഇത്തരം കത്തുകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് ദുരുപേയാഗം ചെയ്യുന്നുണ്ട്. ഏതെങ്കിലും കാര്യങ്ങൾ ജില്ലാകമ്മിറ്റികൾക്ക് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുണ്ടെങ്കിൽ അവ ഇ-മെയിൽവഴി നൽകണം. പാർട്ടി സംസ്ഥാന-ജില്ലാ കമ്മിറ്റികൾ നൽകുന്ന കത്തുകൾ ശരിയായരീതിയിൽ പരിശോധിച്ച് നടപടി സ്വീകരിക്കാൻ മന്ത്രിമാരുടെ ഓഫീസിലുള്ളവർ ശ്രമിക്കണമെന്നും സംസ്ഥാനകമ്മിറ്റിയുടെ റിപ്പോർട്ടിലുണ്ട്.

നയപരമായ കാര്യങ്ങളിൽ സർക്കാരിന് നിർദേശങ്ങൾ നൽകാനുള്ള ഉത്തരവാദിത്ത്വം പാർട്ടി സംസ്ഥാന കമ്മിറ്റിക്കാണ്. വ്യക്തിപരമായ ശുപാർശകളും ഇടപെടലുകളും നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. എന്തെങ്കിലും നിർദമേശമുണ്ടെങ്കിൽ അത് പാർട്ടിഘടകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയാണ് വേണ്ടത്.

പൊതുവായ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനല്ലാതെ വ്യക്തിപരമായ പ്രശ്നങ്ങളിൽ ജില്ലാകമ്മിറ്റികൾക്ക് താഴെയുള്ള ഒരുഘടകവും മന്ത്രി ഓഫീസുകളിലേക്ക് കത്തയക്കരുത്. സ്ഥലംമാറ്റത്തിനുള്ള ശുപാർശ ക്കത്തുകൾ പരിഗണിക്കേണ്ടതില്ല.

അഴിമതിക്കാരെയും സ്ഥാപിതതാത്‌പര്യക്കാരെയും ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്. എല്ലാജനങ്ങൾക്കും നീതി ഉറപ്പുവരുത്തുന്ന പ്രവർത്തനരീതിയാണ് സർക്കാർ പിന്തുടരേണ്ടത്. അല്ലാതെ പാർട്ടിസഖാക്കളുടെ കാര്യം മാത്രം പരിഗണിക്കുന്ന ഒന്നായി സർക്കാർ മാറരുത്. അങ്ങനെ മാറുന്നുവെന്ന് ജനങ്ങൾക്ക് തോന്നിയാൽ, അത് പാർട്ടിയെ ഒറ്റപ്പെടുത്തും -സി.പി.എമ്മിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.