തിരുവനന്തപുരം: തിരഞ്ഞെടുപ്പിനുമുമ്പ് നടന്ന ‘മോക് പോളി’ലെ വോട്ടുകൾ ഒഴിവാക്കാതെ വോട്ടെടുപ്പ് നടന്ന എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ 83-ാം നമ്പർ ബൂത്തിൽ റീപോളിങ്. കളമശ്ശേരി നിയമസഭാ മണ്ഡലത്തിൽപ്പെടുന്ന കിഴക്കേ കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ ബൂത്തിലാണ് വീണ്ടും വോട്ടെടുപ്പ് നടത്തുക.

തിരഞ്ഞെടുപ്പ് തുടങ്ങുന്നതിനുമുന്പ് നടത്തിയ മോക് പോളിലെ വോട്ടുകൾ ഒഴിവാക്കാത്തതിനാൽ അന്തിമ വോട്ടുനിലയിൽ ഇവിടെ വലിയ വ്യത്യാസം വന്നിരുന്നു. റീപോളിങ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽനിന്ന് അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.

തിരഞ്ഞെടുപ്പിനുശേഷം കണക്കെടുത്തപ്പോൾ ഇവിടെ 43 വോട്ടിന്റെ വ്യത്യാസംവന്നിരുന്നു. 715 വോട്ടുകൾ രേഖപ്പെടുത്തിയതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നപ്പോൾ കൺട്രോൾ യൂണിറ്റിൽ 758 വോട്ടുകൾ രേഖപ്പെടുത്തി. തുടർന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുകയായിരുന്നു. വോട്ടുനിലയിൽ വ്യത്യാസംവന്നതിനെക്കുറിച്ച് അന്വേഷണം നടത്തും. അതിനുശേഷം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി തീരുമാനിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

സംസ്ഥാനത്തെ ഉയർന്ന മൂന്നാം പോളിങ്

തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമക്കണക്ക് പ്രകാരം കേരളത്തിലെ പോളിങ് 77.68 ശതമാനമാണ്. 2.62 കോടി വോട്ടർമാരിൽ 2.03 കോടിയും വോട്ടുചെയ്തു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാം പോളിങ്ങാണിത്. 1989-നുശേഷമുള്ള എഴ് തിരഞ്ഞെടുപ്പുകളിലെ ഏറ്റവുമുയർന്ന പങ്കാളിത്തം.

കേന്ദ്രത്തിൽ അധികാരമാറ്റമുണ്ടായ 1989-ലും 1977-ലുമാണ് ഇതിനുമുമ്പ് കേരളത്തിൽ ഏറ്റവുമധികം പോളിങ് ഉണ്ടായത്. 1989-ൽ 79.3 ശതമാനം പോളിങ്ങുണ്ടായി. അന്ന് കേന്ദ്രത്തിൽ രാജീവ് ഗാന്ധിയുടെ ഭരണം അവസാനിപ്പിച്ച് വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തി. കേരളത്തിൽ യു.ഡി.എഫിനായിരുന്നു മുൻതൂക്കം. 17 സീറ്റ് നേടി, എൽ.ഡി.എഫ്. മൂന്ന് സീറ്റും.

അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധി സർക്കാർ വീണ 1977-ലെ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 79.2 ശതമാനമാണ് രണ്ടാമത്തേത്. അന്നും ദേശീയ വികാരത്തിന് എതിരായിരുന്നു കേരളത്തിലെ ഫലം. രാജ്യത്ത് കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ കേരളത്തിൽ ഇരുപതിൽ ഇരുപതും കോൺഗ്രസ്- സി.പി.ഐ. മുന്നണി നേടി.

കണ്ണൂർ മുന്നിൽ, തിരുവനന്തപുരം പിന്നിൽ

ഇത്തവണയും കണ്ണൂരാണ് പോളിങ്ങിൽ മുന്നിൽ. 83.05 ശതമാനം. 82.48 ശതമാനം പേർ വോട്ടുചെയ്ത വടകര രണ്ടാമതും 81.47 ശതമാനവുമായി കോഴിക്കോട് മൂന്നാമതുമെത്തി. 81.33 ശതമാനവുമായി കണ്ണൂരായിരുന്നു 2014-ലും മുന്നിൽ.

തിരുവനന്തപുരം ഇത്തവണയും പിന്നിലായി-73.45 ശതമാനം. നിയമസഭാ മണ്ഡലങ്ങളിൽ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന തിരുവനന്തപുരത്ത് 67.4 ശതമാനംപേർ മാത്രമാണ് വോട്ട് ചെയ്തത്. മാവേലിക്കരയാണ് പിന്നിൽനിന്ന് രണ്ടാമത്-74.09 ശതമാനം.

പോളിങ് ശതമാനം-അന്തിമക്കണക്ക്

മണ്ഡലം 2019 2014

ആകെ 77.68 74.02

തിരുവനന്തപുരം 73.45 68.69

ആറ്റിങ്ങൽ 74.23 68.71

കൊല്ലം 74.36 72.09

പത്തനംതിട്ട 74.19 66.02

മാവേലിക്കര 74.09 71.36

ആലപ്പുഴ 80.09 78.86

കോട്ടയം 75.29 71.7

ഇടുക്കി 76.26 70.76

എറണാകുളം 77.54 73.58

ചാലക്കുടി 80.44 76.92

തൃശ്ശൂർ 77.86 72.17

ആലത്തൂർ 80.33 76.41

പാലക്കാട് 77.67 75.42

പൊന്നാനി 74.96 73.84

മലപ്പുറം 75.43 71.21

കോഴിക്കോട് 81.47 79.81

വയനാട് 80.31 73.29

വടകര 82.48 81.24

കണ്ണൂർ 83.05 81.33

കാസർകോട് 80.57 78.49

Content Highlights: re polling in kalamasserry, total 2.03 crore people voted in kerala