തിരുവനന്തപുരം: എച്ച്.ഐ.വി. ബാധിച്ചയാള്‍ അണുബാധ വെളിപ്പെടുംമുമ്പ് (വിന്‍ഡോ പീരിയഡ്) നല്‍കിയ രക്തഘടകം കുത്തിവെച്ചതാകാം ആര്‍.സി.സി.യില്‍ ചികിത്സക്കെത്തിയ കുട്ടിക്ക് രോഗം പിടിപെടാന്‍ കാരണമെന്ന് പ്രാഥമിക നിഗമനം.

അണുബാധയേറ്റയാളില്‍ അത് പ്രത്യക്ഷപ്പെടാന്‍ രണ്ടാഴ്ചമുതല്‍ മൂന്നുമാസം വരെ എടുക്കും. ഈ സമയത്തിനുള്ളില്‍ നല്‍കിയ രക്തത്തില്‍നിന്നാകാം കുട്ടിക്ക് എച്ച്.ഐ.വി. ബാധയേറ്റതെന്ന് കരുതുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ് പറഞ്ഞു.

നേരത്തെ സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് രക്തം സ്വീകരിച്ചതുവഴി എച്ച്.ഐ.വി. പകര്‍ന്നിരുന്നു. അന്വേഷണത്തില്‍ വിന്‍ഡോ പീരിയഡില്‍ ദാനംചെയ്ത രക്തം കുത്തിവെച്ചതാണ് അണുബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു.

വിന്‍ഡോ പീരിയഡിലെ അണുബാധ കണ്ടെത്താനുള്ള നാറ്റ് പരിശോധന (ന്യൂക്ലിക് ആസിഡ് ടെസ്റ്റ്) നടത്താന്‍ രാജ്യത്ത് പല ലാബുകളിലും സൗകര്യമുണ്ട്. 800 രൂപമുതല്‍ 1000 രൂപവരെയാണ് ഇതിന് ചെലവ്. പക്ഷേ, അണുബാധയേറ്റാലും രണ്ടാഴ്ചയ്ക്ക് ശേഷമുള്ളവയേ ഈ പരിശോധനയില്‍ കണ്ടെത്താനാവൂ. രക്തദാനത്തിന് മുന്നോടിയായി എച്ച്.ഐ.വി. ബാധ കണ്ടെത്താന്‍ നാറ്റ് പരിശോധന സംസ്ഥാനത്ത് നടത്തുന്നില്ല.

അണുബാധ സാധ്യതയുള്ളവര്‍ രക്തദാനം നടത്താതിരിക്കുക മാത്രമാണ് വിന്‍ഡോ പീരിയഡിലെ രോഗപ്പകര്‍ച്ചയ്ക്ക് പരിഹാരം. ഒന്നിലധികം പങ്കാളികള്‍ ഉള്ളവര്‍ അക്കാര്യം രക്തദാനത്തിനുമുമ്പുള്ള കൗണ്‍സലിങ്ങില്‍ വെളിപ്പെടുത്തണം. ഇടയ്ക്കിടെ രക്തദാനം നടത്തുന്നതും പ്രശ്‌നത്തിന് പരിഹാരമായി കാണാം.

എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍നിന്നുള്ള സംഘം വെള്ളിയാഴ്ച റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ക്കഴിയുന്ന കുട്ടിയെ സന്ദര്‍ശിച്ചു. എച്ച്.ഐ.വി. ബാധയ്ക്കുള്ള ചികിത്സ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുട്ടിക്ക് നല്‍കും. ഇതിന് സ്‌പെഷ്യല്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ട്.