തിരുവനന്തപുരം: കേരളബാങ്കിന്റെ പരിപൂർണ നിയന്ത്രണം ബോർഡ് ഓഫ് മാനേജ്‌മെന്റിലുറപ്പിച്ച് റിസർവ് ബാങ്കിന്റെ സർക്കുലർ. ആർ.ബി.ഐ. നിയന്ത്രണത്തിലും നിർദേശത്തിലും പ്രവർത്തിക്കുന്ന സമിതിയാണ് ബോർഡ് ഓഫ് മാനേജ്‌മെന്റ്.

വായ്പ അനുവദിക്കുന്നതും ഫണ്ട് വിനിയോഗവും ഉൾപ്പെടെ ബാങ്കിങ് സംബന്ധമായ എല്ലാ കാര്യങ്ങളും ഈ സമിതിയാകും തീരുമാനിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്ക് സംസ്ഥാന സഹകരണസംഘം രജിസ്ട്രാർ നിശ്ചയിക്കുന്ന കാര്യങ്ങൾ ചെയ്യാനും ഭരണപരമായ മേൽനോട്ടച്ചുമതലയും മാത്രമാണ് ആർ.ബി.ഐ. അനുവദിക്കുന്നത്. ഇതോടെ, കേരളബാങ്കിൽ രജിസ്ട്രാർക്കും സംസ്ഥാനസർക്കാരിനുമുള്ള നിയന്ത്രണം പരിമിതമാകും.

സഹകരണ ബാങ്കുകളിലെ ഇരട്ടനിയന്ത്രണം ഒഴിവാക്കാനാണ് ബോർഡ് ഓഫ് മാനേജ്‌മെന്റ് എന്ന ഘടന റിസർവ് ബാങ്ക് നിർദേശിച്ചത്. ഭരണസമിതിക്ക് ഉപരിയായാണ് ബോർഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കേണ്ടത്. സഹകരണവകുപ്പിന്റെ അധികാരം പരിമിതപ്പെടുത്താനും റിസർവ് ബാങ്കിന്റെ നിയന്ത്രണം കടുപ്പിക്കാനുമാണിത്.

അർബൻ ബാങ്കുകളിൽ നടപ്പാക്കുന്ന ഈ പരിഷ്‌കാരം ഒരു സംസ്ഥാന സഹകരണ ബാങ്കിനു ബാധകമാക്കിയത് കേരളബാങ്കിലൂടെ കേരളത്തിൽ മാത്രമാണ്. ബോർഡ് ഓഫ് മാനേജ്‌മെന്റിന്റെ അധികാരം നിശ്ചയിച്ചത് ഇപ്പോഴാണ്. ഇതോടെ, റിസർവ് ബാങ്കിന് അവരുടെ നിയന്ത്രണത്തിലുള്ള ഒരു സമിതിയിലൂടെ നേരിട്ട് കേരളബാങ്കിൽ ഇടപെടാനാകും.

കുറഞ്ഞത് അഞ്ചും പരമാവധി 12-ഉം പേരടങ്ങുന്നതാണ് ബോർഡ് ഓഫ് മാനേജ്‌മെന്റ്. ഇതിലെ അംഗങ്ങൾ അക്കൗണ്ടൻസി, ബാങ്കിങ്, ഫിനാൻസ്, നിയമം, സഹകരണം, ഇക്കണോമിക്‌സ്, ഐ.ടി., കാർഷിക-ഗ്രാമീണ സമ്പദ് വ്യവസ്ഥ, ചെറുകിട വ്യവസായം തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ അറിവും പരിചയവുമുള്ളവരാകണം.

ഭരണസമിതി അംഗങ്ങളിൽ ഇത്തരം വിഷയങ്ങളിൽ വൈദഗ്ധ്യമുള്ളവരുണ്ടെങ്കിൽ അവർക്ക് ബോർഡ് ഓഫ് മാനേജ്‌മെന്റിൽ അംഗങ്ങളാവാം. എന്നാൽ, അത് മൊത്തം അംഗങ്ങളുടെ പകുതിയിലേറെയാവാൻ പാടില്ല. അംഗങ്ങളെ നിയമിക്കുന്നതിനുമുമ്പ് റിസർവ് ബാങ്കിന്റെ അനുമതി വാങ്ങണം. ഈ സമിതിയെ മൊത്തത്തിലോ ഏതെങ്കിലും അംഗങ്ങളെയോ പിരിച്ചുവിടാൻ ആർ.ബി.ഐ.യ്ക്ക് അധികാരമുണ്ടാകും.

ബാങ്ക് ചെയർമാനുപുറമേ ബോർഡ് ഓഫ് മാനേജ്‌മെന്റിന് പ്രത്യേക ചെയർമാനുണ്ടാകും. റിസർവ് ബാങ്കിന്റെ നിർദേശങ്ങളാണ് ഈ സമിതി പാലിക്കേണ്ടത്.

സമിതിയുടെ അധികാരങ്ങൾ

* ഭരണസമിതിയുടെ പരിഗണനയിലെത്തുന്ന എല്ലാ കാര്യങ്ങളിലും വായ്പ അനുവദിക്കലിലും ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകണം.

* കുടിശ്ശിക പിരിക്കൽ, ഒറ്റത്തവണ തീർപ്പാക്കൽ, ഒത്തുതീർപ്പുകൾ എന്നിവയ്‌ക്കെല്ലാം കർമപദ്ധതി നിർദേശിക്കണം.

* ബാങ്ക് കടമെടുക്കുന്നതും ഫണ്ട് കൈകാര്യം ചെയ്യുന്നതും പരിശോധിക്കണം.

* ബാങ്കിന്റെ ഫണ്ട് നിക്ഷേപിക്കാനാവശ്യമായ ശുപാർശകൾ നൽകണം.

* ബാങ്കിന്റെ ആഭ്യന്തര നിയന്ത്രണവും റിസ്‌ക് മാനേജ്‌മെന്റും പരിശോധിച്ച് ഉറപ്പാക്കണം.

* കംപ്യൂട്ടർവത്കരണം, സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തൽ, മറ്റ് ആകസ്മികമായുണ്ടാകുന്ന സംഭവങ്ങൾ എന്നിവയുടെ മേൽനോട്ടം.

* ഇന്റേണൽ ഓഡിറ്റ്, ഇൻസ്‌പെക്‌ഷൻ എന്നിവയുടെ മേൽനോട്ടം.

* പരാതിപരിഹാര സംവിധാനങ്ങളുടെ മേൽനോട്ടച്ചുമതല.

* ഭരണസമിതിയുടെ നയപരമായ തീരുമാനം റിസർവ് ബാങ്കിന്റെ എല്ലാ നിർദേശങ്ങളും പാലിക്കുന്ന വിധത്തിലാകാനുള്ള ഇടപെടൽ.

Content Highlights: RBI takes over control of Kerala Bank