പത്തനംതിട്ട: റാന്നി സീറ്റിനായുള്ള കേരള കോൺഗ്രസ് എമ്മിന്റെ അവകാശവാദത്തിൽ അയവുണ്ടാകുമെന്ന് സൂചന. സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ റാന്നിക്കായി കടുംപിടിത്തം വേണോയെന്ന ചിന്ത ജോസ് വിഭാഗത്തിൽ ശക്തമായിട്ടുണ്ട്. അനുയോജ്യനായ സ്ഥാനാർഥിക്കായി നടത്തിയ അന്വേഷണത്തിൽ മികച്ച പ്രതികരണം കിട്ടാൻ വൈകുന്നതും ഇതിന് കാരണമായി. ഇനി സീറ്റനുവദിച്ചുകിട്ടിയാലും പൊതുസമ്മതനായ സ്ഥാനാർഥിയെ തേടേണ്ടിവരും. റാന്നിയിൽ കഴിഞ്ഞ അഞ്ചുതവണയും സി.പി.എമ്മിലെ രാജു എബ്രഹാമാണ് എൽ.ഡി.എഫിനായി വിജയം കൊയ്തത്. ഈ മികവ് ഇത്തവണയും നിലനിർത്തേണ്ടത് അനിവാര്യമെന്നാണ് സി.പി.എം. നേതൃത്വത്തിന്റെ നിലപാട്. സീറ്റ് കൈമാറുന്നത് മണ്ഡലത്തിൽ തിരിച്ചടിയാകുമോയെന്നതിൽ ആശങ്കയും നിഴലിടുന്നു. റാന്നി സീറ്റ് കൈമാറുന്നതിനോട് സി.പി.എമ്മിലെ ജില്ലാ നേതാക്കളും യോജിക്കുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമായും 13 സീറ്റാണ് ജോസ് വിഭാഗം ആവശ്യപ്പെടുന്നത്. ഇതിൽ ഭൂരിഭാഗത്തിലും സ്ഥാനാർഥികളെ കണ്ടുവെച്ചിട്ടുണ്ട്. റാന്നിയിൽ രംഗത്തിറക്കുന്നതാരെയെന്ന് വ്യക്തമാക്കാൻ കേരള കോൺഗ്രസ് എം. തുനിഞ്ഞിട്ടില്ല. ഇടതുമുന്നണിയിലേക്കുള്ള പ്രവേശത്തിന്റെ മുന്നോടിയായിത്തന്നെ, മത്സരിക്കാൻ താത്പര്യമുള്ള മണ്ഡലങ്ങളെക്കുറിച്ച് ജോസ് വിഭാഗം സി.പി.എം. സംസ്ഥാനനേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിൽ റാന്നിയും ഉൾപ്പെട്ടത് പത്തനംതിട്ട ജില്ലയിലെ സി.പി.എം.നേതൃത്വത്തെ അതിശയിപ്പിച്ചു. എന്നാൽ, ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് പാർട്ടി ജില്ലാ നേതൃത്വമോ രാജു എബ്രഹാമോ അന്ന് മുതിർന്നില്ല.

1996 മുതൽ റാന്നി മണ്ഡലത്തെ രാജു എബ്രഹാമാണ് പ്രതിനിധാനംചെയ്യുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 14,596 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം. മണ്ഡലത്തിൽ വെച്ചൂച്ചിറ ഒഴികെ ബാക്കി എല്ലാ പഞ്ചായത്തിലും രാജു എബ്രഹാം ലീഡ് നേടി. വരുന്ന തിരഞ്ഞെടുപ്പിലും റാന്നിയിൽ മേൽക്കൈ നിലനിർത്തണമെന്ന ആഗ്രഹത്തിലാണ് സി.പി.എം. ജില്ലാ നേതാക്കളും. രാജു എബ്രഹാമിന്റെ സ്ഥാനാർഥിത്വത്തിലുൾപ്പെടെ നിർണായകതീരുമാനം സംസ്ഥാനനേതൃത്വത്തിന്റേതാകും.