ആലുവ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രോഹിത്തും വധു ശ്രീജയും വിവാഹ ശേഷം തിരുവനന്തപുരത്തേക്ക്‌ പോയത് തീവണ്ടിയിൽ. ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് വൈകീട്ട് 4.20-നുള്ള ജനശതാബ്ദി എക്സ്‌പ്രസിലാണ് ഇരുവരും യാത്ര തിരിച്ചത്.

വിവാഹ വേഷത്തിൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ വരനെയും വധുവിനെയും കാണാൻ കൗതുകത്തോടെ സ്റ്റേഷനിൽ യാത്രക്കാരും മറ്റും തടിച്ചുകൂടി. അപ്പോഴാണ് അറിയുന്നത് അത് രമേശ് ചെന്നിത്തലയുടെ മകനും വധുവുമാണെന്ന്. സ്റ്റേഷനിൽ യാത്രക്കാർക്കൊപ്പം സെൽഫിയെടുക്കാനും വധൂവരൻമാർ തയ്യാറായി. രമേശ് ചെന്നിത്തലയും ഭാര്യ അനിതയും ഇരുവർക്കും ഒപ്പംചേർന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും അനിത രമേശിന്റെയും മകൻ ഡോ. രോഹിത്തും എറണാകുളം െവെറ്റില ആമ്പേലിപ്പാടം റോഡിൽ ‘ലക്ഷ്മി’യിൽ ഭാസി കെ. നായരുടെയും ജയലക്ഷ്മിയുടെയും മകൾ ഡോ. ശ്രീജയും തമ്മിലുള്ള വിവാഹം ഞായറാഴ്ച രാവിലെ അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്ററിലായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, കെ. കൃഷ്ണൻകുട്ടി, എ.സി. മൊയ്തീൻ, എ.കെ. ശശീന്ദ്രൻ, പി. തിലോത്തമൻ, കർണാടക മന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ്. കൺവീനർ ബെന്നി ബഹനാൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പി. കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, പി.ജെ. ജോസഫ്, പി.എസ്. ശ്രീധരൻ പിള്ള, എം.എ. ബേബി, ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മമ്മൂട്ടി, വ്യവസായികളായ എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പൻ, പി.എൻ.സി. മേനോൻ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ, മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌ കുമാർ എന്നിവരും എം.എൽ.എ.മാർ, കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികൾ, വിവിധ കക്ഷിനേതാക്കൾ തുടങ്ങി സാമൂഹിക - രാഷ്ട്രീയ - സാംസ്കാരിക രംഗത്തെയും വ്യവസായ - വ്യാപാര മേഖലയിലെയും പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

content highlights: Ramesh Chennithala's son ties the knot