തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിൽ മതിയായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാക്കി രമേശ് ചെന്നിത്തല കേന്ദ്ര നേതാക്കളെ കണ്ടു. ചൊവാഴ്ച അപ്രതീക്ഷിതമായി ഡൽഹിയിലെത്തിയ രമേശ്, താരിഖ് അൻവർ ഉൾപ്പെടെയുള്ളവരെ സന്ദർശിച്ചാണ് സമ്മർദം ശക്തമാക്കിയത്. കെ.പി.സി.സി. ഭാരവാഹിപ്പട്ടികയ്ക്ക് ഏതാണ്ട് അന്തിമരൂപമായ ഘട്ടത്തിലാണ് ചെന്നിത്തലയുടെ ഡൽഹി യാത്ര. സ്വകാര്യ ആവശ്യത്തിനാണ് രമേശിന്റെ ഡൽഹി സന്ദർശനമെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ പറഞ്ഞു.

കെ.പി.സി.സി. ഭാരവാഹികളായി നിർദേശിക്കുന്നവരുടെ പേരുകൾ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നൽകിയിരുന്നു. എ, ഐ ഗ്രൂപ്പുകളുടെ താത്പര്യംകൂടി ഉൾക്കൊണ്ടായിരിക്കണം തീരുമാനമെന്നാണ് ഗ്രൂപ്പ് നേതൃത്വത്തിന്റെ ആവശ്യം.

ഡി.സി.സി. പുനഃസംഘടനയിൽ തങ്ങളോട് വേണ്ടത്ര ആലോചിച്ചില്ലെന്ന പരാതി ഉമ്മൻ ചാണ്ടിയും രമേശും ഉന്നയിച്ചിരുന്നു. കെ.പി.സി.സി. പുനഃസംഘടനയിൽ തർക്കമൊഴിവാക്കാൻ ഹൈക്കമാൻഡ് തന്നെ മുൻകൈയെടുത്തു. താരിഖ് അൻവർ മുതിർന്ന നേതാക്കളെ കണ്ടു. വി.ഡി. സതീശനും കെ. സുധാകരനും ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചർച്ചനടത്തി. തുടർന്നാണ് ഉമ്മൻ ചാണ്ടിയും രമേശും ഭാരവാഹിപ്പട്ടിക കൈമാറിയത്.

അന്തിമ പട്ടികയിൽ തങ്ങളുടെ നിർദേശങ്ങൾക്ക് വേണ്ടത്ര പരിഗണന കിട്ടുമോയെന്ന ആശങ്ക എ, ഐ ഗ്രൂപ്പുകളിൽ ശക്തമാണ്. തുടർന്നാണ് രമേശിന്റെ ഡൽഹി യാത്ര. എ, ഐ ഗ്രൂപ്പുകൾ സംയുക്തമായാണ് ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തുന്നത്.

ബാക്കി പുനഃസംഘടന തിരഞ്ഞെടുപ്പിലൂടെ മതി

കെ.പി.സി.സി. ഭാരവാഹികളെ നിശ്ചയിക്കാനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലായതിനാൽ അതുമാത്രം ഇപ്പോൾ നടക്കട്ടെയെന്നും ഡി.സി.സി. മുതൽ താഴോട്ടുള്ള ഭാരവാഹികളെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ മതിയെന്നുമുള്ള നിലപാടുമായി എ, ഐ ഗ്രൂപ്പുകൾ.

സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അംഗത്വ വിതരണം നവംബർ ഒന്നിന് തുടങ്ങുകയാണ്. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നീട് ഭാരവാഹികളെ നാമനിർദേശം ചെയ്യുന്നതു ശരിയല്ലെന്നാണ് ഗ്രൂപ്പുകളുടെ വാദം. എന്നാൽ, പുനഃസംഘടന മരവിപ്പിച്ചിട്ടില്ലാത്തതിനാൽ ഡി.സി.സി. തലത്തിൽക്കൂടിയെങ്കിലും ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ തെറ്റില്ലെന്നാണ് ഔദ്യോഗികപക്ഷ നിലപാട്.

സംഘടനാ തിരഞ്ഞെടുപ്പിനെ സ്വാഗതംചെയ്ത് കഴിഞ്ഞ ദിവസം എം.എം. ഹസൻ സോണിയാ ഗാന്ധിക്ക് കത്തയച്ചു. എ, ഐ ഗ്രൂപ്പുകൾ യോജിച്ച് സംഘടനാ തിരഞ്ഞെടുപ്പിൽ നിലപാട് എടുക്കാനാണ് ആലോചന.

content highlights: ramesh chennithala meets congress central leadership