തിരുവനന്തപുരം: ചെറുപ്രായത്തിൽത്തന്നെ തലമുതിർന്ന നേതാവായ വ്യക്തിയാണ് രമേശ് ചെന്നിത്തലയെന്ന് സ്പീക്കർ എം.ബി. രാജേഷ്. ഐരാണിമുട്ടം തുഞ്ചൻ സ്മാരകസമിതി ഏർപ്പെടുത്തിയ ജി. ഗോപിനാഥൻ നായർ സ്മൃതിപുരസ്കാരം ചെന്നിത്തലയ്ക്കു നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ചെന്നിത്തല മന്ത്രിയായിരുന്നു. പാർലമെൻററിരംഗത്ത് തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ച ദേശീയ വീക്ഷണമുള്ള നേതാവാണ് അദ്ദേഹം. എന്നെപ്പോലുള്ള നവാഗതരായ സ്പീക്കർമാർക്ക് തുണയാണ് നിയമസഭയിൽ ചെന്നിത്തലയെപ്പോലുള്ള നേതാക്കൾ. നിയമസഭയിൽ ദുർബലവിഭാഗക്കാരുടെ പ്രശ്നങ്ങൾ വന്നാൽ ചെന്നിത്തല ഇടപെടും’’ -സ്പീക്കർ പറഞ്ഞു.

തുഞ്ചൻ സ്മാരകസമിതി പ്രസിഡൻറ് ഡോ. ടി.ജി. രാമചന്ദ്രൻ പിള്ള അധ്യക്ഷനായി. മന്ത്രി ആൻറണി രാജു മുഖ്യപ്രഭാഷണം നടത്തി. ഗോപിനാഥൻ നായരുടെ പേരിലുള്ള അവാർഡ് ഏറ്റുവാങ്ങുന്നത് ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. മുൻമന്ത്രി സി. ദിവാകരൻ, ഡോ. ജോർജ്‌ ഓണക്കൂർ, ഡോ. എം.ആർ. തമ്പാൻ, കൗൺസിലർ ഉണ്ണികൃഷ്ണൻ, പി. മോഹനൻ എന്നിവർ പ്രസംഗിച്ചു.

രാഹുൽ ഗാന്ധി ചോദിച്ചു, ‘രാജേഷ് എങ്ങനെ തോറ്റു’- ചെന്നിത്തല

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.ബി. രാജേഷ് എങ്ങനെ തോറ്റെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നുവെന്ന് രമേശ് ചെന്നിത്തല. ചുരുങ്ങിയകാലംകൊണ്ട് മികച്ച സ്പീക്കറായി രാജേഷ് മാറിക്കഴിഞ്ഞു. നിഷ്പക്ഷമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുന്നു -രമേശ് പറഞ്ഞു.