തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പദ്ധതി ശരിയായ രീതിയിൽ അന്വേഷിച്ചാൽ സർക്കാരിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന പലരുടെയും കൈകളിൽ വിലങ്ങുവീഴുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കാർമികത്വത്തിൽ വലിയ ഗൂഢാലോചന നടന്നപ്പോൾ അത് മുഖ്യമന്ത്രി അിറഞ്ഞില്ലെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കാനാവുമെന്നും അദ്ദേഹം ചോദിച്ചു. ലൈഫ് പദ്ധതിയിൽ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്ളാറ്റ് അഴിമതിയിൽ സ്വർണക്കടത്തു കേസിലെ പ്രതികളും സർക്കാരും ചേർന്നു കോടികൾ തട്ടിയെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.
വടക്കാഞ്ചേരി പദ്ധതിയിലെ അഴിമതി സി.ബി.ഐ.ക്ക് അന്വേഷിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും സർക്കാർ അതിനെ സ്വാഗതംചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയ അനിൽ അക്കര ചോദിച്ചു. ലൈഫ് പദ്ധതിയെ പ്രതിപക്ഷം എതിർത്തിട്ടില്ല. ആർത്തിപ്പണ്ടാരം മൂത്ത ചിലർ അഴിമതി നടത്താൻ ഇറങ്ങിത്തിരിച്ചപ്പോൾ അതിനെ എതിർക്കുകയായിരുന്നു. വിദേശസഹായ നിയന്ത്രണച്ചട്ടം ലംഘിച്ച് നാലരകോടിയുടെ കമ്മിഷൻ ഇടപാട് ലൈഫ് ഫ്ളാറ്റ് ഇടപാടിൽ നടന്നെന്നു ആദ്യം വെളിപ്പെടുത്തിയത് ധനമന്ത്രിയാണെന്ന് അനിൽ അക്കര പറഞ്ഞു.
മുഖ്യമന്ത്രിയെ പ്രതിപക്ഷം പേടിക്കുന്നതിനാലാണ് ആരോപണത്തിന്റെ കരിനിഴൽ പരത്തി സർക്കാരിനെ വേട്ടയാടാൻ ശ്രമിക്കുന്നതെന്നു മറുപടി പ്രസംഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകിയ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളെ പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളെ വേട്ടയാടാൻ ശ്രമിക്കുകയാണ്. ഇതുവരെ 8835 കോടി രൂപ ചെലവഴിച്ചു ലൈഫ് പദ്ധതിയിൽ 2.5 ലക്ഷം വീടുകൾ പൂർത്തീകരിച്ചു. മാർച്ച് 31-നകം 15,000 കുടുംബങ്ങൾക്കുകൂടി ഭവനം നൽകാനാകുമെന്നും മന്ത്രി പറഞ്ഞു. ഡോ. എം.കെ. മുനീർ, മോൻസ് ജോസഫ്., അനൂപ് ജേക്കബ് എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി. അംഗം ഒ. രാജഗോപാലും വാക്കൗട്ട് നടത്തി.