തിരുവനന്തപുരം: മദ്യവില വർധനയിൽ 200 കോടി രൂപയുടെ അഴിമതിയുണ്ടെന്നും ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലൻസ് ഡയറക്ടർക്ക് പരാതിനൽകി. ഡിസ്റ്റിലറികളെ സഹായിക്കാനാണ് മദ്യവില കൂട്ടിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ടി.പി. രാമകൃഷ്ണൻ, ബിവറേജസ് എം.ഡി. എന്നിവർക്ക് ഇതിൽ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
ബിവറേജസ് കോർപ്പറേഷൻ ഡിസ്റ്റിലറികൾക്ക് ഏഴുശതമാനം വിലവർധനയാണ് അനുവദിച്ചത്. മദ്യം നിർമിക്കാൻ ഉപയോഗിക്കുന്ന സ്പിരിറ്റിന്റെ വില വർധിച്ചെന്നു പറഞ്ഞാണ് സർക്കാർ മദ്യവില ഉയർത്തിയത്. ഈ വാദം അടിസ്ഥാനരഹിതമാണെന്ന് ചെന്നിത്തല പറഞ്ഞു.
സ്പിരിറ്റ് വിലയ്ക്ക് ആനുപാതികമായല്ല വില ഉയർത്തിയത്. ഡിസ്റ്റിലറി ഉടമകളെ സഹായിക്കാനാണ് സർക്കാർ നീക്കം. 20 ലക്ഷം കെയ്‌സ് മദ്യമാണ് ബിവറേജസ് കോർപ്പറേഷന് സ്വകാര്യ ഡിസ്റ്റിലറികളും മദ്യക്കമ്പനികളും ഒരുമാസം വിതരണം ചെയ്യുന്നത്. ഒരു കെയ്‌സ് മദ്യത്തിന് 700 രൂപ കണക്കാക്കിയാൽ 140 കോടിയുടെ വരുമാനമാണ് ഡിസ്റ്റിലറി മുതലാളിമാർക്ക് എല്ലാ മാസവും ലഭിക്കുക. ഒരു വർഷത്തെ ബിസിനസ് ഏകദേശം 1680 കോടി വരും.
രണ്ടുതവണ മദ്യവില കൂട്ടിയതിനെ തുടർന്ന് 200 കോടിയുടെ നേട്ടമാണ് ഡിസ്റ്റിലറി മുതലാളിമാർക്കുണ്ടായതെന്നും പരാതിയിൽ പറയുന്നു. ബിവറേജസ് എം.ഡി. രൂപവത്കരിച്ച സമിതിയുടെ കണ്ടത്തലുകളെ അടിസ്ഥാനമാക്കി വിലവർധന അനുവദിച്ചത് വിചിത്രവും ദുരൂഹവുമാണ്.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ധനസമാഹരണത്തിനുള്ള വഴിയാണ് മദ്യവില വർധന. ഇതിൽ ഉന്നതരുടെ ഇടപെടലുകളെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
content highlights: ramesh chennithala demands vigilance enquiry in liquor price hike