തിരുവനന്തപുരം: കാസർകോട്ട് എത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ, കൊല്ലപ്പെട്ട ശരത്ത് ലാലിന്റെയും കൃപേഷിന്റെയും വീടുകൾ സന്ദർശിക്കാതിരുന്നത് കുറ്റബോധംകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെങ്കിൽ മുഖ്യമന്ത്രി ആ വീടുകൾ സന്ദർശിക്കേണ്ടതായിരുന്നു. അതിനുള്ള മനസ്സുപോലും അദ്ദേഹം കാണിക്കാതിരുന്നത് കുറ്റവാളികളോടുള്ള സമീപനം കാരണമാണ്. കഠാരയുടെ മുനയിലും വാളിന്റെ അറ്റത്തും ഒരു രാഷ്ട്രീയപ്രസ്ഥാനവും രക്ഷപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ആഭ്യന്തരവകുപ്പ് പിണറായി വിജയനിൽ ആയിരിക്കുന്നിടത്തോളം ഇതുപോലുള്ള കേസിൽ യഥാർഥപ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനാവില്ല. പാർട്ടി ഹാജരാക്കിയ ഡ്യൂപ്ളിക്കറ്റ് പ്രതികളുമായി ആയുധം കണ്ടെത്തൽ നാടകമാണ് ഇപ്പോൾ നടത്തുന്നത്. ക്രൈംബ്രാഞ്ചിനെ ഏല്പിച്ചത് കേസ് അട്ടിമറിക്കുന്നതിനാണ്. ഇത്‌ അംഗീകരിക്കാനാവില്ല. സർക്കാരിന് വിധേയത്വമുള്ള പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചാൽ ഒരിക്കലും സത്യം പുറത്തുവരില്ല. അതിനാലാണ് സി.ബി.ഐ. അന്വേഷണം യു.ഡി.എഫ്. ആവശ്യപ്പെടുന്നത്. സി.ബി.ഐ. അന്വേഷണത്തിനായി ഏതറ്റംവരെയും പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അറസ്റ്റിലായ പീതാംബരന്റെ വീട്ടിൽ മുൻ എം.എൽ.എ. കുഞ്ഞിരാമൻ പോയത്‌ കേസ് വഴിതിരിച്ചുവിടാനാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സി.ബി.ഐ.യെ കേസന്വേഷണം ഏല്പിച്ചാൽ പിന്നെ കേരള പോലീസിനെ പിരിച്ചുവിടണമല്ലോ എന്ന് കോടിയേരി ചോദിച്ചു. അത് ശരിയാണ്. ഇങ്ങനെയാണ് പോക്കെങ്കിൽ കേരള പോലീസിനെ പിരിച്ചുവിടുന്നതാണ് നല്ലത്. ഡി.ജി.പി.യുടെ സ്ഥാനത്ത് ആ റോബോർട്ടിനെവെച്ചാൽ ഇതിനെക്കാൾ നന്നായി കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാനാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

content highlights: ramesh chennithala, Pinarayi Vijayan, kasargod double murder