തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ നൽകിയ വിധി അംഗീകരിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾക്ക് എന്തോ തെറ്റുപറ്റി. അതുകൊണ്ടാണ് വിധി ഇങ്ങനെയായതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു തെറ്റും പറ്റിയിട്ടില്ല. അതിനാൽ ശൈലി മാറ്റില്ലെന്നും പിണറായി പറയുന്നു. ഞങ്ങളുടെയും ആഗ്രഹം മുഖ്യമന്ത്രി ശൈലി മാറ്റരുതെന്നാണെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്. ഈ വിധി മോദി സർക്കാരിനും പിണറായി സർക്കാരിനുമെതിരായ ജനവിധിയാണ്. അത് മറച്ചുവെക്കാൻ എത്ര ശ്രമിച്ചാലും നടക്കില്ല. ഒന്നും പ്രവർത്തിക്കാത്ത സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരിനെതിരായ ശക്തമായ ജനവികാരം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അത് മനസ്സിലാകാത്ത ഒരേയൊരു വ്യക്തി മുഖ്യമന്ത്രിയാണ്.

ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നെങ്കിൽ ബി.ജെ.പി. പത്തനംതിട്ടയിൽ ജയിക്കുമായിരുന്നില്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സിലുള്ള ആഗ്രഹം അറിയാതെ പുറത്തുവന്നതാണത്. ബി.ജെ.പി.യെ ശക്തിപ്പെടുത്തി യു.ഡി.എഫിനെ ദുർബലപ്പെടുത്തുക എന്ന തന്ത്രം ഫലിക്കാതെ വന്നപ്പോഴുള്ള വിഷമം കൊണ്ടാണത്‌ പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ രാജിെവക്കേണ്ട

രാഹുൽഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന് ഇതിനുമുമ്പും പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. പരാജയങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് ശക്തിയായി തിരികെവന്ന ചരിത്രമാണുള്ളത്. രാഹുലിന്റെ രാജി പരിഹാരമല്ല. കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ജനവിശ്വാസം കൂടുതൽ ആർജിക്കുംവിധമുള്ള പ്രവർത്തനപരിപാടികൾക്ക് നേതൃത്വംകൊടുക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Ramesh chennithala, CM pinaray vijayan, 2019Loksabha Elections