തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി. റമീസ് ദുബായിൽനിന്ന് നെടുമ്പാശ്ശേരിവഴി കടത്തിയത് എയർഗൺ അല്ലെന്ന് ബാലിസ്റ്റിക് റിപ്പോർട്ട്.
വെടിമരുന്ന് കത്തിയുണ്ടാകുന്ന വാതകങ്ങളുടെ തള്ളൽമൂലം വെടിയുണ്ട പുറത്തുപോകുന്ന തരത്തിലുള്ള ‘ഫയർ ആം’ ആണ് അവയെന്ന് ഫൊറൻസിക് സയൻസ് ലാബിന്റെ പരിശോധനാ റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. ആറ് എയർഗണ്ണുകളുടെ ഭാഗങ്ങളെന്ന് അവകാശപ്പെട്ടിരുന്ന അവ യഥാർഥത്തിൽ 13 തോക്കുകളുടേതായിരുന്നു. ഏറെ സമ്മർദങ്ങൾക്കൊടുവിലാണ് പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് കഴിഞ്ഞദിവസം കസ്റ്റംസിനു കൈമാറിയത്.
കഴിഞ്ഞവർഷം നവംബറിലാണ് തോക്കുകൾ ഭാഗങ്ങളാക്കി റമീസ് ബാഗുകളിൽ കൊണ്ടുവന്നത്. ബാഗുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഗ്രീൻ ചാനൽ വഴി പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കസ്റ്റംസ് പിടിയിലായി. പാലക്കാട്ടെ ഒരു റൈഫിൾ ക്ലബ്ബിനുവേണ്ടി കൊണ്ടുവന്ന എയർ ഗണ്ണുകളാണ് ഇവയെന്ന് റമീസ് വ്യക്തമാക്കിയെങ്കിലും മതിയായ രേഖകൾ ഹാജരാക്കാനായില്ല. അതോടെ കസ്റ്റംസ് ഇവ പിടിച്ചെടുത്തു.
റൈഫിൾ കൊണ്ടുവരാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് റൈഫിൾ ക്ലബ്ബ് വിശദീകരിച്ചതോടെ സംഭവത്തിലെ ദുരൂഹത വർധിച്ചു. തോക്കുകളുടെ ഭാഗങ്ങൾ ബാലിസ്റ്റിക് പരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചു. പരിശോധനാഫലം ലഭിച്ചശേഷം റമീസിനെ വിളിച്ചുവരുത്തി കൂടുതൽ ചോദ്യംചെയ്യാനാണ് കസ്റ്റംസ് ഉദ്ദേശിച്ചിരുന്നതെങ്കിലും എട്ടുമാസത്തോളമായിട്ടും റിപ്പോർട്ട് ലഭിച്ചിരുന്നില്ല.
ഇതിനിടെയാണ് റമീസ് സ്വർണക്കടത്ത് കേസിൽ പിടിയിലായത്. ഇതോടെ ബാലിസ്റ്റിക് റിപ്പോർട്ടിനായി കസ്റ്റംസിനൊപ്പം പോലീസും കൂടുതൽ സമ്മർദം ചെലുത്തി.
സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ. അന്വേഷണം വന്നതോടെയാണ് റമീസിന്റെ തോക്ക് കടത്തും പൊന്തിവന്നത്. ഇതുസംബന്ധിച്ച പരിശോധനയും എൻ.ഐ.എ. അന്വേഷണത്തിൽ ഉൾപ്പെടുന്നുണ്ട്. കടത്തുന്ന സ്വർണത്തിന് അകമ്പടി സേവിക്കാനാണ് തോക്ക് കൊണ്ടുവന്നതെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ, സ്വർണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്നുകൂടി എൻ.ഐ.എ. വ്യക്തമാക്കിയ സാഹചര്യത്തിൽ തോക്കുകൾ കൊണ്ടുവന്നതിന് മറ്റു ഉദ്ദേശ്യങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
റിപ്പോർട്ടിനായി എട്ടുമാസം
എട്ടുമാസംമുമ്പ് പരിശോധനയ്ക്കായി അയച്ച തോക്കിന്റെ ഭാഗങ്ങൾ പരിശോധന പൂർത്തിയാക്കി നൽകാൻ കസ്റ്റംസിന് മൂന്ന് കത്തെഴുതേണ്ടിവന്നു. എ.ഡി.ജി.പി. തലത്തിലെ ഒരു ഉദ്യോഗസ്ഥനും ഇടപെടേണ്ടിവന്നു. ഫൊറൻസിക് ലാബിലെ വിവിധ വിഭാഗങ്ങളിൽ പരിശോധനാഫലം കാത്ത് ഒട്ടേറെ ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട്.
എന്നാൽ, താരതമ്യേന കുറച്ചു കേസുകൾമാത്രം വരുന്ന ബാലിസ്റ്റിക് വിഭാഗത്തിൽനിന്ന് ഒരു റിപ്പോർട്ട് ലഭിക്കാൻ ഇത്രയും വൈകിയതിൽ വിമർശനമുയർന്നിട്ടുണ്ട്. മറ്റു വിഭാഗങ്ങളിൽ നൂറുകണക്കിന് കേസുകൾ കെട്ടിക്കിടക്കുമ്പോൾ ബാലിസ്റ്റിക്കിൽ 30-ൽ താഴെ മാത്രം കേസുകളേ ഇനി പൂർത്തിയാക്കാനുള്ളൂ.
Contetent Highlights: Rameez smuggled 13 guns under the guise of air guns