തിരുവല്ല: രാമന്‍ചിറ 11-ാം പൂള്‍. രാവിലെ എട്ടിന് യൂണിഫോമിട്ട് രമണി ഹാജര്‍. തലയില്‍ ചുറ്റിക്കെട്ടിയ തോര്‍ത്തുണ്ട്. സാരിക്കുമുകളില്‍ ഓവര്‍കോട്ടായി നീല ഷര്‍ട്ടും. കമ്പി, സിമന്റ്, സ്റ്റീല്‍ വാതിലുകള്‍, ഗര്‍ഡറുകള്‍... ഇങ്ങനെ എത്ര തൂക്കമുള്ള സാധനങ്ങളും രമണി ചുമക്കും.

രണ്ടു പതിറ്റാണ്ട് പിന്നിടുകയാണ് ചുമട്ടുതൊഴിലില്‍ രമണിയുടെ വിജയഗാഥ. ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കുടുംബത്തെ തലയിലും മനസ്സിലും താങ്ങിയെടുക്കുകയായിരുന്നു രമണി.

വനിതകള്‍ ഓട്ടോറിക്ഷ ഓടിക്കാന്‍പോലും മടിച്ചുനിന്ന കാലത്താണ് ചുമത്ര കളീക്കല്‍ പടിഞ്ഞാറേതില്‍ പി.സി.രമണി (58) ചുമട്ടുതൊഴിലില്‍ എത്തുന്നത്.

രാമന്‍ചിറയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ഭര്‍ത്താവ് കെ.വിജയന്‍ മരിക്കുമ്പോള്‍ മൂത്തമകള്‍ വിദ്യ പ്രീഡിഗ്രിക്ക് ചേര്‍ന്നിട്ടേയുണ്ടായിരുന്നുള്ളൂ. മകന്‍ വിഷ്ണു എട്ടിലും ഇളയവള്‍ വിധുമോള്‍ നാലിലും ആയിരുന്നു. 21 വര്‍ഷം മുമ്പായിരുന്നു വിജയന്റെ മരണം.

വീടിന് കെട്ടിയ തറയില്‍ അന്ന് മണ്ണുപോലും നിരത്തിയിട്ടില്ലായിരുന്നു. ബന്ധുബലം കുറവും ഉള്ളവര്‍ക്ക് സഹായിക്കാന്‍പറ്റാത്ത അവസ്ഥയും.

വീടിനുളളില്‍ ഒതുങ്ങിയിരുന്ന രമണി ജീവിതഭാരം ഒറ്റയ്ക്ക് ചുമക്കാന്‍ മുന്നിട്ടിറങ്ങി. വിജയന്‍ നടന്ന വഴിയേ രമണിയും രാമന്‍ചിറയിലെത്തി. ടിപ്പര്‍ ലോറികള്‍ കുറവായിരുന്ന അക്കാലത്ത് മണ്ണും ഇഷ്ടികയും കല്ലുമൊക്കെയായി എത്തുന്ന ലോറികളില്‍ കയറി ചുമടിറക്കി. പണിക്കിടെ ലോഹപ്പാളികൊണ്ട് ഇടതുകൈ ആഴത്തില്‍ മുറിഞ്ഞ് ആശുപത്രിയിലായി.

എന്നാല്‍ തുന്നലിട്ട കൈയുമായി വീണ്ടും പണിക്കെത്തി. മക്കള്‍ക്ക് താന്‍ മാത്രമെന്ന ചിന്ത വേദനകളെ അകറ്റി. പുലര്‍ച്ചെ വീട്ടുജോലികള്‍ ചെയ്ത് മക്കള്‍ക്കും തനിക്കുമുള്ള ഉച്ചയൂണും തയ്യാറാക്കി മൂന്നു കിലോമീറ്ററോളം നടന്നാണ് ചുമടെടുക്കാനെത്തുന്നത്.

ഇന്നും രാവിലെ രമണി രാമന്‍ചിറയില്‍ ഉണ്ട്. ലോഡ് കൂടുതലില്ലെങ്കില്‍ വൈകീട്ട് അഞ്ചിനാണ് മടക്കം. ലോഡുണ്ടെങ്കില്‍ പിന്നെയും വൈകും. ചുമട് ചുമ്മി ആദ്യം വീട് കെട്ടിപ്പൊക്കി. മക്കളെല്ലാവരും വിവാഹിതരായി. ഭര്‍ത്താവിനൊപ്പം ജോലി ചെയ്തിരുന്നവര്‍ ഇപ്പോഴും രാമന്‍ചിറ പൂളിലുണ്ട്.

അമ്മ ജോലിക്കുപോകേണ്ടെന്ന നിലപാട് മക്കള്‍ക്കുണ്ടെങ്കിലും ആകാവുന്നിടത്തോളം ചുമടെടുക്കാന്‍തന്നെയാണ് രമണിയുടെ തീരുമാനം. പുരുഷസര്‍വാധിപത്യമുള്ള മേഖലയാണെങ്കിലും ഇന്നേവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും രമണി പറഞ്ഞു.