കൊച്ചി: കോതമംഗലത്ത് യുവതിയെ വെടിവെച്ചുകൊന്ന് യുവാവ് സ്വയം വെടിവെച്ചുമരിച്ച സംഭവത്തിൽ വെടിവെപ്പ് നടന്ന മുറിക്കകത്ത് ചുമരിൽ തറച്ചനിലയിൽ ഒരു വെടിയുണ്ട ഫൊറൻസിക് സംഘം കണ്ടെത്തി. ഇതോടെ, മാനസയ്ക്കുനേരെ പ്രതി രാഖിൽ വെടിയുതിർത്തത് മൂന്നുതവണയെന്നു വ്യക്തമായി.

രണ്ടുവെടിയുണ്ടകൾ മാനസയുടെ ശരീരത്തിൽ പതിച്ചിരുന്നു. ഒന്ന് ഉന്നംതെറ്റി പതിച്ചതാകാമെന്നുകരുതുന്നു. ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ രാഖിലിന്റെ പോക്കറ്റിൽനിന്ന് അഞ്ചു വെടിയുണ്ടകൾകൂടി കണ്ടെടുത്തു.

13 ബുള്ളറ്റ് ലോഡ് ചെയ്യാവുന്ന തോക്കായിരുന്നു ഇത്. 7.62 എം.എം. പിസ്റ്റളാണ് ഇതിനുപയോഗിച്ചത്. ഒരു ബുള്ളറ്റ് സ്വയം ജീവനൊടുക്കാനും ഉപയോഗിച്ചു. തൊട്ടടുത്തുനിന്നാണ് രാഖിൽ നിറയൊഴിച്ചതെന്നും വ്യക്തമായി. തോക്കിൽ ഏഴ് ഉണ്ടകൾ നിറച്ചിരുന്നു. മൂന്നെണ്ണം തോക്കിൽ അവശേഷിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിതന്നെ പോലീസ് തോക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വിദഗ്‌ധപരിശോധനയ്ക്ക് ബെംഗളൂരുവിലേക്ക്‌ അയക്കും.

അന്വേഷണത്തിന് പ്രത്യേകസംഘം

കൂടുതൽ അന്വേഷണത്തിന് റൂറൽ എസ്.പി. കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കോതമംഗലം എസ്‌.ഐ. മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പുലർച്ചയോടെ കണ്ണൂരിലെത്തി. മേലൂരിലെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. സംഭവത്തിനു ദൃക്സാക്ഷികളായ സഹപാഠികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. മാനസയുടെ മൊബൈൽ ഫോൺ പരിശോധിച്ചുവരുകയാണ്.

കണ്ണൂരിലെത്തിയ സംഘം കളക്ടറേറ്റിൽനിന്ന്‌ തോക്കിന്റെ ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. മാനസയുമായുള്ള പ്രണയബന്ധം തകർന്നതിലുള്ള മനോവിഷമമാണ് രാഖിലിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന ആദ്യ മൊഴികൾ.

കൊലപാതകത്തിനുമുന്പ് രാഖിൽ എട്ടുദിവസത്തോളം കേരളത്തിനുപുറത്ത് തങ്ങിയതായി വിവരമുണ്ട്. ഇതിനാൽ തോക്ക് തേടിയുള്ള അന്വേഷണം സംസ്ഥാനത്തിനുപുറത്തേക്കും വ്യാപിപ്പിക്കും. രാഖിലിന്റെ സമീപകാല യാത്രകളും ഫോൺരേഖകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരുന്നു.

ഒരുമാസത്തോളമായി രാഖിൽ നെല്ലിക്കുഴിയിലാണ് തങ്ങിയിരുന്നത്. കൊലപാതകവുമായി നേരിട്ടുബന്ധമുള്ള മറ്റാരുമില്ലെന്നാണ് ഇതുവരെ പോലീസിനു ലഭിക്കുന്ന വിവരം.

രാഖിൽ കാർ ഈയിടെ വിറ്റു

തലശ്ശേരി: രാഖിൽ തോക്ക് വാങ്ങിയത് കാർ വിറ്റ പണംകൊണ്ടെന്ന് സംശയം. പുതുതായി വാങ്ങിയ കാർ വിറ്റതായി ചിലരോട് പറഞ്ഞിരുന്നു. കഴിഞ്ഞതവണ രാഖിൽ വീട്ടിൽ വന്നപ്പോൾ അധികം സംസാരിച്ചിരുന്നില്ല. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നതിനാൽ വീട്ടുകാരും കൂടുതലൊന്നും അന്വേഷിച്ചിരുന്നില്ല.