തിരുവനന്തപുരം : ഇടതുമുന്നണിക്ക് വിജയം ഉറപ്പായ രണ്ട് രാജ്യസഭാ സീറ്റുകളും സി.പി.എം.തന്നെ എടുത്തേക്കും. കഴിഞ്ഞ പ്രാവശ്യം സി.പി.എം. അംഗങ്ങളായ ടി.എൻ. സീമയും കെ.എൻ. ബാലഗോപാലും വിരമിച്ച ഒഴിവിൽ ഒന്ന് സി.പി.ഐക്ക് നൽകിയിരുന്നു. മുന്നണി ധാരണയനുസരിച്ച് ഭരണത്തിലിരിക്കുമ്പോൾ രണ്ട് സീറ്റ് ലഭിക്കുന്ന ആദ്യ പ്രാവശ്യം ഒന്ന് സി.പി.ഐക്കും രണ്ടാം പ്രാവശ്യം രണ്ട് സീറ്റും സി.പി.എമ്മിനുമാണെന്നതാണ് കീഴ്‌വഴക്കം.

വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൾ വഹാബ് എന്നിവരാണ് ഏപ്രിലിൽ വിരമിക്കുന്നത്. രാജ്യസഭാ ഒഴിവ് നിലവിൽ വരുന്ന തീയതിക്കു മുമ്പുതന്നെ തിരഞ്ഞെടുപ്പ് നടത്തുന്ന രീതിയാണ് നിലവിലുള്ളത്. മാർച്ച് അവസാനമാകും തിരഞ്ഞെടുപ്പ്.

ചെറിയാൻ ഫിലിപ്പ് പരിഗണനയിൽ

സി.പി.എം. സഹയാത്രികനായ ചെറിയാൻ ഫിലിപ്പിനെ പാർട്ടി രാജ്യസഭാ സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ പ്രാവശ്യംതന്നെ ചെറിയാന്റെ പേര് രാജ്യസഭയിലേക്ക് ഉയർന്നിരുന്നു. എന്നാൽ രാജ്യസഭയിൽ സി.പി.എമ്മിന് മുതിർന്ന നേതാക്കളില്ലാത്തതിന്റെ കുറവ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാണിച്ചു. പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളിലാരെങ്കിലും രാജ്യസഭയിലേക്ക് വരുന്നതാകും ഉചിതമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം പാലിച്ചാണ് എളമരം കരീമിനെ നിശ്ചയിച്ചത്.

ഇപ്രാവശ്യം രണ്ട് സീറ്റ് പാർട്ടിക്ക് ലഭിക്കുമെന്നതിനാൽ ഒന്നിലേക്ക് ചെറിയാൻ ഫിലിപ്പിനെ നിയോഗിക്കുമെന്നാണ് സൂചന. അദ്ദേഹം നവകേരള മിഷൻ കോ-ഓർഡിനേറ്റർ സ്ഥാനം കഴിഞ്ഞദിവസം രാജിവെച്ചു. 20 വർഷം മുമ്പ് കോൺഗ്രസ് വിട്ട് സി.പി.എം. ചേരിയിലേക്ക് പോയ ചെറിയാൻ ഫിലിപ്പ് ആദ്യം പുതുപ്പള്ളിയിലും പിന്നീട് കല്ലൂപ്പാറ, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ഇടതുസ്ഥാനാർഥിയായി മത്സരിച്ചെങ്കിലും ജയിക്കാനായില്ല. ചെറിയാന് ജയം ഉറപ്പുള്ള നിയമസഭാ സീറ്റ് അല്ലെങ്കിൽ രാജ്യസഭ നൽകുമെന്നാണ് സൂചന.

സി.പി.എമ്മിന് ലഭിക്കുന്ന മറ്റൊരു സീറ്റിൽ മുതിർന്ന നേതാക്കളാരെങ്കിലുമാകും സ്ഥാനാർഥിയാകുക. നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ പുതുമുഖങ്ങളെ അവതരിപ്പിക്കും. അധികാരത്തിലേറിയാൽ യുവത്വത്തിന് മുൻതൂക്കമുള്ള മന്ത്രിസഭയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിൽക്കുന്ന മുതിർന്ന നേതാക്കളാരെങ്കിലും രാജ്യസഭാ സ്ഥാനാർഥിയാകുമെന്നാണ് സൂചന.

Content Highlight: Rajya sabha CPM contest in two seats