കോട്ടയം: നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കേ മരിച്ച രാജ്കുമാറിന് നേരിട്ടത് അതിക്രൂരമായ പീഡനമെന്ന് രണ്ടാം പോസ്റ്റ്മോർട്ടത്തിലും വ്യക്തം. നേരത്തേ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താതെപോയ മൂന്നാംമുറകളുടെ കൂടുതൽ തെളിവുകളാണ് ഇപ്പോൾ ലഭിച്ചത്. പോസ്റ്റുമോർട്ടത്തിൽ കൂടുതൽ പരിക്കുകൾ കണ്ടെത്തിയതാണ് ഇതിൽ പ്രധാനം.

മൃതദേഹം സംസ്കരിച്ച് 38 ദിവസത്തിനുശേഷമാണ് ഇതു പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്. വാഗമൺ സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലായിരുന്നു മൃതദേഹം സംസ്‌കരിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ 11.45-ഓടെ കല്ലറ തുറന്ന് പുറത്തെടുത്തു. കാഞ്ഞിരപ്പള്ളി ജില്ലാ ആശുപത്രിയിൽ വൈകീട്ട് നാലുമണിക്ക് പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങി. മൂന്നു മണിക്കൂറോളം നീണ്ടു. സംഭവം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് നേരിട്ട് മേൽനോട്ടം വഹിച്ചു.

ആദ്യ റിപ്പോർട്ടിൽ മരണകാരണമായി പറഞ്ഞ ന്യൂമോണിയബാധ ഉണ്ടായിരുന്നോയെന്നറിയാൽ കൂടുതൽ പരിശോധന വേണമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. റീപോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം രാത്രിയോടെ തിരിച്ചെത്തിച്ച് വാഗമൺ സെയ്‌ന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ അതേകല്ലറയിൽത്തന്നെ വീണ്ടും മറവുചെയ്തു.

പുതിയ കണ്ടെത്തൽ

* നെഞ്ചിലും വയറിലും കൂടുതൽ പരിക്കുകൾ കണ്ടെത്തി. മർദനം മൂലമുണ്ടാകാവുന്ന പരിക്കുകളാണ് ഇവ.

* കാലുകൾ ബലമായി അകറ്റുന്നതുമൂലം ഉണ്ടാകാവുന്ന പരിക്കുകൾ ശരീരത്തിൽ ഉണ്ട്. ഇടുപ്പിലും തുടയിലുമാണിവ.

* ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടതിലും കൂടുതൽ മുറിവുകൾ ദേഹത്തുണ്ട്. ശക്തമായ മർദനം മൂലമുള്ളതാണിവ. ഇതൊക്കെ മരണകാരണം ആകാം.

* ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് വിടും.

* വാരിയെല്ലിന്റെ എക്സ്റേ എടുത്തില്ല. അതില്ലാതെതന്നെ പരിക്കുകളുടെ വിവരം കിട്ടിയിട്ടുണ്ട്.

Content Highlights: Rajkumar re postmortem