മൂന്നാർ: കാർത്തിക്കും കുടുംബവും രക്ഷപ്പെട്ടത് ഉരുൾപൊട്ടിയെത്തുന്ന ഭീകരശബ്ദംകേട്ട് പുറത്തിറങ്ങിയതിനാൽ. പെട്ടിമുടിയിലെ രണ്ടാമത്തെ ലൈൻ വീട്ടിലായിരുന്നു കാർത്തിക്കും അമ്മയും സഹോദരിയും ആറുമാസം പ്രായമുള്ള കുഞ്ഞും താമസിച്ചിരുന്നത്.
ടാക്സി ഡ്രൈവറായ കാർത്തിക് രാത്രിയിൽ അതിഭയങ്കര ശബ്ദംകേട്ടാണ് പുറത്തിറങ്ങി നോക്കിയത്. മുകളിൽനിന്ന് വെള്ളവും പാറകളും ഇരമ്പിയെത്തുന്നതുകണ്ട് ഉടൻ അമ്മയെയും സഹോദരിയെയും വിളിച്ചിറക്കി ഓടിരക്ഷപ്പെട്ടു. ഇതിനിടയിൽ തന്നെ മണ്ണും ചെളിയും ഇരച്ച് ലയത്തിനടുത്തെത്തിയിരുന്നു.
അമ്മയേയും സഹോദരിയെയും രക്ഷപ്പെടുത്തിയ കാർത്തിക്കിന്റെ കാലുകൾ രണ്ടും മുട്ടിനൊപ്പം ചെളിയിൽ പുതഞ്ഞെങ്കിലും രക്ഷപ്പെട്ടു. താനുൾപ്പെടെ താമസിച്ചിരുന്ന ലയങ്ങൾ ഒറ്റരാത്രികൊണ്ട് മൈതാനം പോലെയായ ഭീകരമായകാഴ്ച വിവരിക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് കാർത്തിക്.