മൂന്നാർ: പെട്ടിമുടിയിലെ ദുരന്തഭൂമിയിലേക്ക് ആദ്യം ഓടിയെത്തിയത് അരക്കിലോമീറ്റർ അകലെയുള്ള ലയങ്ങളിലെ തൊഴിലാളികൾ. വൻ ശബ്ദംകേട്ടാണ് ഇവർ എത്തുന്നത്. പക്ഷേ, അപ്പോഴേക്കും ബന്ധുക്കളും സഹപ്രവർത്തകരും മണ്ണിനടിയിൽപ്പെട്ടിരുന്നു.
പുതഞ്ഞുപോകുന്ന മണ്ണിലേക്ക് ആദ്യം അവർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. അതിനാൽ പിന്നെയും മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. രാവിലെ വെട്ടം വീണശേഷമേ ഇവർക്ക് ഇറങ്ങാൻ കഴിഞ്ഞുള്ളൂ. പാതിശരീരം മണ്ണിനടിയിലായ രണ്ടുപേരെ ഇവർ രക്ഷിച്ചു.
തടസ്സമായി പെരിയവര പാലം
മൂന്നാർ-മറയൂർ റോഡിൽ മൂന്നാർ ടൗണിനു സമീപം മുതിരപ്പുഴയാറിനു കുറുകെയുള്ള പെരിയവരയിലെ താത്കാലിക പാലം കഴിഞ്ഞദിവസം തകർന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. പാലം കടന്ന് മറയൂർ റൂട്ടിൽ അഞ്ചാംമൈലിൽനിന്ന് തിരിഞ്ഞ് ഇടമലക്കുടിയിലേക്കുപോകുന്ന പാതയിലാണ് പെട്ടിമുടി.
പാലം തകർന്നതിനാൽ രക്ഷാപ്രവർത്തകർക്കും അഗ്നി രക്ഷാസേനയ്ക്കും മുതിരപ്പുഴയാർ കടന്ന് പെട്ടിമുടിയിലേക്ക് പോകാനായില്ല. ആംബുലൻസ് അടക്കമുള്ളവയും എത്തിക്കാനായില്ല. പുതുതായി പണിയുന്ന പാലത്തിലൂടെ മറുകരയെത്തി അവിടെനിന്നുള്ള പരിമിത സംവിധാനങ്ങളുമായാണ് രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിലെത്തിയത്. പരിക്കേറ്റവരെ ജീപ്പിലെത്തിച്ച് പാലത്തിന്റെ മറുകരയിലേക്ക് ചുമന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്.
പാലത്തിന് ഇപ്പുറത്ത് മൂന്നാർ ഭാഗത്ത് ആംബുലൻസുകൾ ഒരുക്കിനിർത്തിയിരുന്നു. മറ്റു സ്ഥലങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും മറുകരയെത്താൻ ബുദ്ധിമുട്ടി. 2018-ലെ പ്രളയത്തിലാണ് പെരിയവര പാലം തകർന്നത്. തുടർന്ന് താത്കാലിക പാലമുണ്ടാക്കിയായിരുന്നു യാത്ര.