മൂന്നാർ: പെട്ടിമുടിയിലെ കൊടുംതണുപ്പിൽ പുതച്ചുമൂടി ഒന്നുമറിയാതെ ഉറങ്ങിയിരുന്നവരുടെ കമ്പിളിപുതച്ച നിലയിലുള്ള മൃതദേഹങ്ങൾ മണ്ണിൽനിന്നു കോരിയെടുത്തപ്പോൾ കണ്ടുനിന്നവർ തകർന്നുപോയി. വ്യാഴാഴ്ച രാത്രിവരെ ജീവിതസങ്കടങ്ങൾ പങ്കുവെച്ചും മിണ്ടിയും പറഞ്ഞും ഒപ്പം കിടന്നുറങ്ങിയവർപോലും ഞൊടിയിടയിൽ മണ്ണിൽ മറഞ്ഞുപോയി. ബാക്കിയായവർ, എന്തിനു തങ്ങളെ ബാക്കിവെച്ചു എന്ന് കണ്ണീരോടെ ചോദിക്കുന്ന കാഴ്ച.
കാട്ടുമൃഗങ്ങളോടും അട്ടയോടും മല്ലിട്ട്, തേയിലത്തോട്ടത്തിലെ ജോലിയിൽ സംതൃപ്തി കണ്ടിരുന്ന തൊഴിലാളികളെയാണ് ഉരുളിന്റെ രൂപത്തിലെത്തിയ വിധി തട്ടിയെടുത്തത്. ഒന്നു നിലവിളിക്കാൻപോലും കഴിയുംമുമ്പേ എല്ലാം കഴിഞ്ഞു.
നാല് ലൈനുകളിലായി 30 വീടുകളിൽ താമസിച്ചിരുന്ന 79 പേരിൽ 66 പേരെയാണ് അപകടത്തിൽ കാണാതായത്. ഇതിൽ വെള്ളിയാഴ്ച വൈകീട്ടുവരെ 15 പേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ബാക്കിയുള്ളവർ മണ്ണിനടിയിലും സമീപത്തുള്ള പുഴയിലെ ഒഴുക്കിലും പെട്ടിരിക്കാനാണു സാധ്യത.
തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളും ടാക്സി ഡ്രൈവർമാരുമായിരുന്നു അപകടമുണ്ടായ വീടുകളിൽ താമസിച്ചിരുന്നത്. മണ്ണും വെള്ളവും ആർത്തിരമ്പിവരുന്ന ഒച്ചയിൽ നിലവിളികൾപോലും അമർന്നുപോയി. ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ഭീഷണികളൊന്നും ഈ പ്രദേശത്ത് ഇല്ലായിരുന്നു. ചെറിയ മണ്ണിടിച്ചിലുകൾ മാത്രമായിരുന്നു നേരത്തേയുണ്ടായ അപകടങ്ങൾ.