രാജാക്കാട്: പൂപ്പാറയ്ക്കുസമീപം സി.എച്ച്.ആർ.ഭൂമിയിൽ അനധികൃതമായി നിർമിച്ച ബഹുനിലമന്ദിരം ഒഴിപ്പിക്കാനുള്ള റവന്യൂസംഘത്തിന്റെ ശ്രമം സി.പി.എമ്മിന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ നാട്ടുകാർ തടഞ്ഞു.

സി.പി.എം. പൂപ്പാറ ലോക്കൽ കമ്മിറ്റിയംഗത്തിെന്റയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള ബഹുനിലമന്ദിരം ഒഴിപ്പിക്കാനെത്തിയ ഉടുമ്പൻചോല ഡെപ്യൂട്ടി തഹസിൽദാർ സിദ്ദിഖ്കുട്ടി, പൂപ്പാറ വില്ലേജ് ഒാഫീസർ എം.ഡി.ലിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണു തടഞ്ഞത്.

മുൻകൂട്ടി നോട്ടീസ് നൽകിയില്ലെന്നും ദേശീയപാതയുടെ നിർമാണം നടത്തുന്ന കരാർത്തൊഴിലാളികൾ കെട്ടിടത്തിൽ താമസിക്കുന്നതിനാൽ ഒഴിയാൻ കൂടുതൽ സമയം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. പ്രതിഷേധം കണക്കിലെടുത്ത്, കെട്ടിടം ഒഴിയാൻ ഒരുദിവസംകൂടി സമയം അനുവദിച്ച് ഉദ്യോഗസ്ഥർ മടങ്ങി.

സി.എച്ച്.ആർ.ഭൂമിയിൽ നിർമിച്ച കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്കുമുമ്പ് ജില്ലാ കളക്ടറും ദേവികുളം സബ്കളക്ടറും ഉടമകൾക്കു നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ ഇവർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധി കിട്ടിയില്ല.

തുടർന്ന്, ഒന്നരമാസം മുമ്പ് ലാൻഡ് റവന്യൂ കമ്മിഷന് ഉടമകൾ നൽകിയ അപ്പീൽ തള്ളിയതോടെയാണ് കെട്ടിടം ഒഴിപ്പിച്ച് ഏറ്റെടുക്കാൻ ആർ.ഡി.ഒ. നിർദേശം നൽകിയത്. ഭൂസംരക്ഷണസേനയുടെയും പോലീസിന്റെയും സഹായത്തോടെയാണ് കെട്ടിടം ഒഴിപ്പിക്കാൻ റവന്യൂസംഘമെത്തിയത്.

ദേശീയപാതയുടെ സമീപത്ത് 80 സെന്റ് സി.എച്ച്.ആർ.ഭൂമിയിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. വില്ലേജ് ഒാഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയതെന്ന്‌ റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.