തിരുവനന്തപുരം: കൊടുംചൂടിൽ വാടുന്ന കേരളത്തിന് അല്പം കുളിരേകി സംസ്ഥാനത്ത് പലയിടത്തും വേനൽമഴയെത്തി. ഒട്ടുമിക്ക ജില്ലകളിലും ചൊവ്വാഴ്ച രാത്രിമുതൽ ബുധനാഴ്ചവരെ മഴ ലഭിച്ചു. വ്യാഴാഴ്ചയും മിക്ക ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച മലപ്പുറംജില്ലയിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരത്തും കോട്ടയത്തും ശക്തമായ മഴയാണ് ലഭിച്ചത്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ വ്യാഴാഴ്ചയും മഴയുണ്ടാകും. മലപ്പുറംജില്ലയിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഏഴുമുതൽ 11 സെന്റീമീറ്റർവരെ കനത്തമഴയുണ്ടാകാമെന്ന മുന്നറിയിപ്പുമുണ്ട്. തലസ്ഥാനത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട കനത്തമഴ ലഭിച്ചു.

കൊടുംചൂടിൽ ഉരുകുന്ന സംസ്ഥാനത്തിന് വേനൽമഴ ആശ്വാസമായെങ്കിലും ഉയർന്ന താപനിലയിൽ വലിയമാറ്റം പ്രതീക്ഷിക്കേണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കി. വ്യാഴാഴ്ചവരെ വയനാട് ഒഴികെ എല്ലാ ജില്ലകളിലും താപനില ശരാശരിയിൽനിന്ന് രണ്ടുഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സൂര്യാഘാത മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

content highlights: rain in kerala