തിരുവനന്തപുരം: യാത്രക്കാരുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ താത്കാലികമായി റദ്ദാക്കിയ ട്രെയിനുകൾ തിരിച്ചെത്തൂ. ജൂൺ 15 വരെയാണ് മിക്ക ട്രെയിനുകളും റദ്ദാക്കിയിട്ടുള്ളത്. അതിനുശേഷമുള്ള തീയതികളിലേക്ക് ടിക്കറ്റ്‌ റിസർവ് ചെയ്യാം.

യാത്രക്കാർ തീരെ കുറഞ്ഞതിനെത്തുടർന്നാണ് ചൊവ്വാഴ്ച മുതൽ ജനശതാബ്ദിയും ഇന്റർസിറ്റിയും നിർത്തുന്നത്. അതേസമയം, ലോക്ഡൗണിലെ ഇളവുകൾ കണക്കിലെടുത്ത് സർക്കാർ ഓഫീസുകളടക്കം നിയന്ത്രണങ്ങളോടെ പ്രവർത്തിച്ചുതുടങ്ങുന്ന സമയമാണിത്. കെ.എസ്.ആർ.ടി.സി. ബസുകൾ ഓടിത്തുടങ്ങിയിട്ടുമില്ല. ഇനിയാണ് പതിവുയാത്രക്കാർ എണ്ണത്തിൽ കൂടാൻ പോവുന്നത്. റദ്ദാക്കൽ കഴിഞ്ഞുള്ള തീയതികളിലേക്ക് യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ അതു കണക്കിലെടുത്ത് റദ്ദാക്കൽ പിൻവലിക്കാം.

അടച്ചുപൂട്ടൽ ഇളവിൽ കൂടുതൽ യാത്രകൾ ആവശ്യമായ സമയത്താണ് റെയിൽവേയുടെ അപ്രതീക്ഷിത പിന്മാറ്റമെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.