നീലേശ്വരം: സതേൺ റെയിൽവേ തീവണ്ടി ഷെഡ്യൂൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി, കേരളത്തിലൂടെ ദിവസവും ഓടുന്ന ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം സൂപ്പർഫാസ്റ്റ് സെപ്ഷ്യൽ (02618) തീവണ്ടിയുടെ നിലവിലുള്ള എട്ട് സ്റ്റോപ്പുകൾ ഒഴിവാക്കാനൊരുങ്ങുന്നു. നവംബർ 30 മുതലാണ് പുതിയ ക്രമീകരണം. എറണാകുളം-ഹസ്രത്ത് നിസാമുദ്ദീനി (02617) ലേക്ക് പോകുമ്പോൾ നിലവിലുള്ള 47 സ്റ്റേഷനുകളിലും നിർത്തുന്നുണ്ട്. എന്നാൽ നിസാമുദ്ദീനിൽനിന്ന് എറണാകുളത്തേക്ക് വരുമ്പോഴാണ് കേരളത്തിലെ എട്ട് സ്റ്റോപ്പുകൾ ഒഴിവാക്കുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപ്പുകളാണ് ഈ പട്ടികയിൽ. രാത്രി 11 മുതൽ പുലർച്ചെ നാലുവരെ പ്രധാന സ്റ്റേഷനുകളിൽ മാത്രം നിർത്തിയാൽ മതിയെന്നാണ് തീരുമാനം.

കോവിഡ് അൺലോക്ക് പ്രക്രിയയുടെ ഭാഗമായി കേരളത്തിലൂടെ നിസാമുദ്ദീൻ-എറണാകുളം, ലോകമാന്യതിലക്-തിരുവനന്തപുരം എന്നീ പ്രത്യേക തീവണ്ടികളാണ് ഓടിയിരുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമായിരുന്നു സ്റ്റോപ്പ് അനുവദിച്ചിരുന്നത്. നിലവിൽ മംഗള-ലക്ഷദ്വീപ് എക്‌സ്പ്രസ് ഓടിയിരുന്ന സമയത്താണ് ഈ തീവണ്ടി ഓടുന്നത്. തീവണ്ടി പഴയരീതിയിലേക്ക് പുനഃസ്ഥാപിക്കുമ്പോൾ ഒഴിവാക്കിയ സ്റ്റോപ്പുകൾ പൂർണമായും നഷ്ടമാകാനും സാധ്യതയുണ്ട്. എന്നാൽ ദിവസേനയുള്ള ലോകമാന്യതിലക്-തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിനിന്റെ സ്റ്റോപ്പുകൾക്കൊന്നും മാറ്റവുമില്ല.

Content Highlight: Railway limits stop for Nizamuddin-Ernakulam special train