തിരൂർ: മലപ്പുറത്തെ തിരൂരിൽനിന്ന് ശനിയാഴ്ച തീവണ്ടിയിൽ ബിഹാറിലേക്ക് പോയ അതിഥിത്തൊഴിലാളികളിൽനിന്ന് റെയിൽവേ ഇൗടാക്കിയത് 10,37,400 രൂപ. നാട്ടിലേക്ക് പോകുന്ന അതിഥിത്തൊഴിലാളികളിൽനിന്ന് തീവണ്ടിക്കൂലി ഈടാക്കുന്നതിനെച്ചൊല്ലി വിവാദം നടക്കുമ്പോഴാണീ കണക്ക് പുറത്തുവരുന്നത്.

തിരൂരിൽനിന്ന് ബിഹാറിലെ ധാനാപുരിലേക്ക് പ്രത്യേക തീവണ്ടിയിൽ പോയത് കുട്ടികളടക്കം 1138 പേരാണ്. 1140 സീറ്റാണ് 06080 തിരൂർ-ഡി.എൻ.ആർ തീവണ്ടിയിലുണ്ടായിരുന്നത്. ഒരാൾക്ക് 910 രൂപവീതം 1140 ടിക്കറ്റിന്റെ തുക റവന്യു അധികൃതർ തൊഴിലാളികളിൽനിന്ന് ഈടാക്കി റെയിൽവേയിൽ അടച്ചു. യാത്രക്കായി പേര് രജിസ്റ്റർചെയ്ത രണ്ട് തൊഴിലാളികൾ റെയിൽവേസ്റ്റേഷനിൽ എത്താത്തതിനാൽ ടിക്കറ്റ് തുകയായ 1820 രൂപ റവന്യു അധികാരികളുടെ കീശയിൽനിന്ന് നഷ്ടമായി.

ലോക്‌ഡൗൺ തുടങ്ങി 39 ദിവസം ജോലിയില്ലാതെ ഭക്ഷണത്തിനുപോലും പണമില്ലാതെ പ്രയാസപ്പെട്ട തൊഴിലാളികളോട് യാത്രപോകേണ്ട ദിവസം രാവിലെ ടിക്കറ്റ് തുകയായ 910 രൂപയുമായി റെയിൽവേസ്റ്റേഷനിലേക്ക് പോകണമെന്ന് പറഞ്ഞതുതന്നെ വിവാദമായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈമലർത്തി. പണം െെകയിലില്ലാത്ത തൊഴിലാളികളിൽ പലർക്കും നാട്ടിലേക്ക് യാത്രചെയ്യാനും കഴിഞ്ഞില്ല.

Content Highlight: Railway charged 10,37,400 from migrant workers in Tirur