കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ തേടി നടൻ ദിലീപിന്റെ ആലുവ പാലസിനടുത്തുള്ള ‘പത്മസരോവരം’ എന്ന വീട്ടിലുൾപ്പെടെ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ ഏഴുമണിക്കൂർനീണ്ട റെയ്ഡ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സഹോദരൻ അനൂപിന്റെ ആലുവ പറവൂർ കവലയിലെ വീട്, ദിലീപിന്റെ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്റെ എറണാകുളം ചിറ്റൂർ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലും ഒരേസമയമാണ് റെയ്ഡ് നടത്തിയത്.

11.50-ഓടെ തുടങ്ങിയ റെയ്ഡ് ഏഴുമണിയോടെയാണ് അവസാനിച്ചത്. പത്മസരോവരത്തിൽനിന്ന് കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ഗ്രാൻഡ് പ്രൊഡക്‌ഷൻസിൽ നിന്നും ഏതാനും രേഖകളാണ് പിടിച്ചെടുത്തത്. ഒരു സി.ഡി.യും ലഭിച്ചിട്ടുണ്ട്. അനൂപിന്റെ വീട്ടിൽനിന്ന്‌ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.