തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലെ അനുബന്ധസ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിൽ ഇതുവരെ രേഖകൾ ഇല്ലാതെ സൂക്ഷിച്ച 15.5 കോടിയോളം രൂപ പിടിച്ചെടുത്തതായി സൂചന. വ്യാഴാഴ്ച പുലർച്ചെ തുടങ്ങിയ പരിശോധന ഞായറാഴ്ചയും തുടർന്നു.

ശനിയാഴ്ചമുതൽ ആദായനികുതി വകുപ്പിനൊപ്പം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തുന്നുണ്ട്. ഇതുവരെ ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തിൽ, സഭയുടെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽനിന്നും ഞായറാഴ്ച മൊഴിയെടുത്തു.

അഞ്ച് വർഷത്തിനിടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബിലീവേഴ്‌സ് ചർച്ച് 6000 കോടി രൂപ രാജ്യത്ത് എത്തിച്ചതായാണ് ആദായനികുതിവകുപ്പ് വിലയിരുത്തുന്നത്. ഈ തുക ഭൂമി വാങ്ങിക്കൂട്ടുന്നതിനും മറ്റ് ഇടപാടുകൾക്കുമായി വകമാറ്റി ചെലവഴിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പരിശോധന സംബന്ധിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തിരുവല്ലയിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സഭയും വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.