കൊല്ലം: സംസ്ഥാനത്ത് യു.ഡി.എഫ്‌. പ്രചാരണം നയിക്കാൻ രാഹുൽ ഗാന്ധി വരുന്നു. എല്ലാ ജില്ലകളിലും രാഹുലിന്റെ പൊതുപരിപാടികൾ സംഘടിപ്പിക്കും. കൂടിക്കാഴ്ചകൾ, പൊതുസമ്മേളനങ്ങൾ, റോഡ് ഷോകൾ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് പരിപാടികൾ.

ഐശ്വര്യകേരള യാത്രയുടെ സമാപന ദിവസം തിരുവനന്തപുരത്ത് യു.ഡി.എഫ്. നേതാക്കൾ രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ പ്രചാരണത്തിന് കൂടുതൽ സമയം കേരളത്തിലുണ്ടാകണമെന്ന് ഇവർ ഒന്നടങ്കം അഭ്യർഥിച്ചു. ലോക്‌സഭാംഗമെന്ന നിലയിൽ തന്റെ സംസ്ഥാനമാണ് കേരളമെന്നും താനിവിടെയുണ്ടാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുലിന്റെ പൊതുപരിപാടികളിൽ തൊട്ടടുത്ത മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കൂടി ഉൾപ്പെടുത്തും. ഇങ്ങനെ 140 മണ്ഡലങ്ങളിലെ യു.ഡി.എഫ്. സ്ഥാനാർഥികളെയും പങ്കെടുപ്പിക്കാനാകുന്ന തരത്തിലാവും പരിപാടികൾ ക്രമീകരിക്കുക. നടപ്പാക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങളൊന്നും പ്രകടനപത്രികയിൽ ഉൾപ്പെടുത്തരുതെന്ന് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.