വണ്ടൂർ (മലപ്പുറം) : മലയാളിയുടെ രുചിക്കൂട്ടായ ഓണസദ്യയുണ്ട് വയറും മനസ്സും നിറഞ്ഞാണ് രാഹുൽ ഗാന്ധി എം.പി. മലപ്പുറം വിട്ടത്. വണ്ടൂർ കാരയ്ക്കാപ്പറമ്പ് ഗാന്ധിഭവനിലെ അമ്മമാർക്കൊപ്പമായിരുന്നു സദ്യ. പരിപ്പ്, പപ്പടം, സാമ്പാർ, പുളിശ്ശേരി തുടങ്ങിയ വിഭവങ്ങളോടൊപ്പം ഒന്നാന്തരം അടപ്രഥമനും സേമിയപ്പായസവും ഒരുക്കിയിരുന്നു. സദ്യയുണ്ടു പരിചയമില്ലെങ്കിലും കൈകൊണ്ട് ആസ്വദിച്ചുകഴിച്ചു. ‘മലയാളസദ്യ ഒന്നാന്തരം’ എന്നായിരുന്നു രാഹുലിന്റെ കമന്റ്.

മണ്ഡലസന്ദർശനത്തിനെത്തിയ രാഹുൽ, വയനാട്ടിൽനിന്ന് ഉച്ചയ്ക്കു രണ്ടോടെയാണ് വണ്ടൂരിലെത്തിയത്. പത്തനാപുരം ആസ്ഥാനമായ ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിന്റെ മലപ്പുറം വണ്ടൂരിലെ ഭവനിലായിരുന്നു പരിപാടി. പല സാഹചര്യങ്ങളിലായി അനാഥരാക്കപ്പെട്ട പതിനൊന്നുപേരാണ് ഇവിടെ അന്തേവാസികൾ. എല്ലാവർക്കും സമ്മാനങ്ങളുമായാണ് രാഹുലെത്തിയത്.

അന്തേവാസിയായ അമ്മിണിയമ്മ രാഹുലിനെ റോസാപ്പൂ നൽകി സ്വീകരിച്ചു. രാഹുൽ എല്ലാവരോടും കുശലംചോദിച്ചു. ഓണാശംസകൾ നേർന്നു. ഓരോരുത്തർക്കും ഓണപ്പുടവയും നൽകി. അവരോടൊപ്പം ഫോട്ടോയെടുത്തു. അമ്മിണിയമ്മയുടെ പ്രാർഥനയ്ക്കുശേഷമായിരുന്നു ഓണസദ്യ. തുടർന്ന് ഗാന്ധിഭവന്റെ ഉപഹാരമായ ശംഖ് രാഹുലിന് സമർപ്പിച്ചു.

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, എ.ഐ.സി.സി. വർക്കിങ് കമ്മിറ്റിയംഗം കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ എം.എൽ.എ., ആര്യാടൻ ഷൗക്കത്ത്, ഇ. മുഹമ്മദ് കുഞ്ഞി, ട്രസ്റ്റ് സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് രാഹുൽ അന്തരിച്ച മുൻ ഡി.സി.സി. പ്രസിഡന്റ് വി.വി. പ്രകാശിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മറ്റു രണ്ടു പരിപാടികൾക്കുശേഷം കോഴിക്കോട്ടേക്കു മടങ്ങി. ബുധനാഴ്‌ച ഡൽഹിയിലേക്കു മടങ്ങും.

content highlights: rahul gandhi kerala visit onasadya