തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എ.ഐ.സി.സി. അധ്യക്ഷൻ രാഹുൽഗാന്ധി 29-ന് കൊച്ചിയിലെത്തും. മറൈൻഡ്രൈവിൽ ബൂത്ത് പ്രസിഡന്റുമാരുടെയും മഹിളാ വൈസ് പ്രസിഡന്റുമാരുടെയും യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹമെത്തുന്നതെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

എ.കെ. ആന്റണി, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, പി.സി. ചാക്കോ തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.

രാവിലെ 10.30-ന് നെടുമ്പാശ്ശേരിയിലെത്തുന്ന രാഹുൽഗാന്ധിയെ കോൺഗ്രസ് നേതാക്കൾ സ്വീകരിക്കും. തുടർന്ന് അദ്ദേഹം എം.ഐ. ഷാനവാസിന്റെ വീട് സന്ദർശിക്കും. 12.30 മുതൽ ഗസ്റ്റ്ഹൗസിൽ യു.ഡി.എഫ്. നേതാക്കളുമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ചചെയ്യും. 3.15-നാണ് ബ്ലോക്ക് പ്രസിന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗം. വൈകീട്ട് 5.45-ന് ഡൽഹിക്ക് മടങ്ങും.

ജനമഹായാത്ര മൂന്നുമുതൽ

: കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഫെബ്രുവരി മൂന്നിന് കാസർകോടുനിന്നാരംഭിക്കും. 28-ന് തിരുവനന്തപുരത്ത് സമാപിക്കും. ജാഥയിൽ വിവിധ സ്ഥലങ്ങളിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾ തുറന്നുകാട്ടുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തിലെ 20 മണ്ഡലങ്ങളെക്കുറിച്ചും യു.ഡി.എഫിന് ധാരണയുണ്ട്. എന്നാൽ, സ്ഥാനാർഥികളെക്കുറിച്ച് താൻ പറഞ്ഞിട്ടില്ല. ഫെബ്രുവരി 20-നുമുമ്പ് സ്ഥാനാർഥിപ്പട്ടിക സമർപ്പിക്കണമെന്നാണ് ഐ.ഐ.സി.സി. നിർദേശം. അതനുസരിക്കും.

ഗവർണർ വായിച്ചത് മംഗളപത്രം

:നയപ്രഖ്യാപനത്തിലൂടെ ഗവർണർ സർക്കാരിന് മംഗളപത്രം വായിക്കുകയായിരുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. സർക്കാർ ഗവർണറെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 12 ലക്ഷം പേർ പങ്കെടുത്ത വനിതാമതിലിനായി 50 ലക്ഷംപേരെ പങ്കെടുപ്പിച്ചുവെന്ന കള്ളം എഴുതിനൽകി വായിപ്പിച്ചത് അംഗീകരിക്കാനാവില്ല. പ്രളയനാന്തര പുനർനിർമാണത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. നയപ്രഖ്യാപനം നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

content highlights: Rahul Gandhi Kerala Visit