തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വിഷുദിവസമായ 15-ന് കേരളത്തിലെത്തും. 16-നും 17-നുമാണ് അദ്ദേഹത്തിന്റെ പരിപാടികൾ. പ്രധാനമന്ത്രി നരേന്ദ്രമോദി 18-നുമെത്തും.

തിങ്കളാഴ്ച രാഹുൽ തിരുവനന്തപുരത്ത് താമസിക്കും. പിറ്റേന്ന് രാവിലെ പത്തിന് പത്തനാപുരത്തും 11.30-ന് പത്തനംതിട്ടയിലും വൈകിട്ട് നാലിന് ആലപ്പുഴയിലും ആറിന് തിരുവനന്തപുരത്തും പ്രസംഗിക്കും. തുടർന്ന് കണ്ണൂരിലേക്ക് പോകും. 17-ന് വയനാട് മണ്ഡലത്തിലാണ് പര്യടനമെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. സഹോദരന് വോട്ടുതേടാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി രണ്ടുദിവസം വയനാട് മണ്ഡലത്തിൽ ചെലവഴിക്കും. 20, 21 തീയതികളിലാവും പ്രിയങ്ക എത്തുക.

പ്രധാനമന്ത്രി നരേന്ദ്രമോദി 18-ന് വൈകിട്ട് 7.55-ന് തിരുവനന്തപുരത്തെത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ എട്ടിനാണ് സമ്മേളനം. 8.20 മുതൽ ഒമ്പതുവരെ അദ്ദേഹം പ്രസംഗിക്കും. രാത്രിതന്നെ മടങ്ങും.

content highlights: rahul gandhi kerala