തിരുവനന്തപുരം: തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും. വൈകീട്ട് അഞ്ചിന് നാഗർകോവിലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തശേഷം തൃശ്ശൂർ രാമനിലയത്തിലെത്തി അവിടെ തങ്ങും.

വ്യാഴാഴ്ച തൃപ്രയാറിൽ ‘ഫിഷർമെൻ പാർലമെന്റ്’ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന്, കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ ബന്ധുക്കളെ വിമാനത്താവളത്തിൽവെച്ച് കാണും. ഇവിടെനിന്ന് ഹെലികോപ്റ്ററിൽ കാസർകോട്ടെത്തി പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകൾ സന്ദർശിക്കും. പിന്നീട് കോഴിക്കോട്ടേക്കു പോകും.

വൈകീട്ട് കോഴിക്കോട്ടാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലി. രാഹുലിന്റെ കേരളത്തിലെ പ്രധാന പരിപാടിയും ഇതാണ്. വൈകീട്ട് അഞ്ചിന്‌ കടപ്പുറത്ത് നടക്കുന്ന റാലിയുടെ സമാപനം രാഹുൽ ഉദ്ഘാടനംചെയ്യും. ശേഷം ഡൽഹിക്കു മടങ്ങും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനത്തും രാഹുൽഗാന്ധി പങ്കെടുക്കുന്ന റാലിയുണ്ട്. മലബാർ കേന്ദ്രീകരിച്ചാണ് കേരളത്തിലെ റാലി. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലിൽനിന്നായി ഒരുലക്ഷം പേർ പങ്കെടുക്കുമെന്ന് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Content Highlights: rahul gandhi is coming to kerala today