കൊണ്ടോട്ടി: വെള്ളിയാഴ്ച നടക്കേണ്ട പ്ലസ്‌വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ സ്‌കൂളിൽനിന്ന് മോഷ്ടിച്ചു. കുഴിമണ്ണ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഓഫീസ് മുറിയിൽ സൂക്ഷിച്ച ചോദ്യപേപ്പറുകളാണ് നഷ്ടപ്പെട്ടത്. ഇതിനെത്തുടർന്ന് അക്കൗണ്ടൻസി വിത്ത് എ.എഫ്.എസ്. പരീക്ഷ മാറ്റിവെച്ചു.

മുപ്പതോളം ചോദ്യപേപ്പറുകൾ നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. ഇംഗ്ലീഷ്, ഇക്കണോമിക്സ് ചോദ്യപേപ്പറുകൾ മോഷ്ടിച്ചതായി സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. അക്കൗണ്ടൻസിയുടെ ഒരുകെട്ട് (10 എണ്ണം) ചോദ്യപേപ്പർ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചതായി അധികൃതർ പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ ഒന്നരയ്ക്കും മൂന്നരയ്ക്കുമിടയിലാണ് മോഷണം നടന്നത്. ബൈക്കിലെത്തിയ മോഷ്ടാവ് സ്റ്റാഫ് റൂമിന്റെ ചുമരിലൂടെ അകത്തുകയറുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മുഖംമറച്ചാണ് മോഷ്ടാവെത്തിയത്. മൂന്നുമണിക്കൂറോളം മോഷ്ടാവ് അകത്ത് ചെലവഴിച്ചിട്ടുണ്ട്. പ്രിൻസിപ്പലിന്റെ അലമാര പൊളിച്ചിട്ടുണ്ടെങ്കിലും പണം മോഷ്ടിച്ചിട്ടില്ല.

കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാളവിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. വിദ്യാഭ്യാസവകുപ്പിൽനിന്ന് ഹയർസെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ പി.എം. അനിൽ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. സ്‌നേഹലത എന്നിവർ സ്‌കൂൾ സന്ദർശിച്ച് മോഷണം സംബന്ധിച്ച് ഹയർസെക്കൻഡറി ഡയറക്ടറേറ്റിലേക്ക് റിപ്പോർട്ട് നൽകി.

Content Highlights: question paper of the Plus One Improvement examination was stolen