നിലമ്പൂർ: ഉരുൾപൊട്ടലിനെത്തുടർന്ന് 59 പേരെ കാണാതായ, കേരളംകണ്ട ഏറ്റവുംവലിയ ദുരന്തഭൂമിയിലെ കണ്ണീരിന്റെ നനവുപടർന്ന മണ്ണിൽ 11 പേരെ ബാക്കിവെച്ച് മടങ്ങുന്നുവെന്ന് അഗ്നിരക്ഷാസേന.

കവളപ്പാറയിൽനിന്ന് മടങ്ങുന്നതിന്റെ ഭാഗമായി വാട്‌സ് ആപ്പ് കുറിപ്പിലാണ് തീരാത്ത വേദനയുടെ ചിത്രം സേന വരച്ചിട്ടത്. മനസ്സിൽ നിങ്ങളുണ്ടാകും, ആയിരം കണ്ണീർപ്രണാമം. മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്. പ്രകൃതിയുടെ ചില തീരുമാനങ്ങൾക്കുമുന്നിൽ മനുഷ്യൻ എത്ര നിസ്സഹായർ!.... കുറിപ്പ് നീളുന്നു.

അൻപത്തൊമ്പതു പേരുടെ സ്വപ്നങ്ങൾക്കുമേൽ ഒരുനിമിഷംകൊണ്ട് പെയ്തിറങ്ങിയ അശനിപാതം -കവളപ്പാറദുരന്തം. പതിനെട്ടുദിവസങ്ങളായി തുടരുന്ന തിരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയാണ്. ഹതഭാഗ്യരായ 59 പേരിൽ 48 പേരെ ഉപചാരങ്ങളോടെ മണ്ണിന്റെ മാറിലേക്കുതന്നെ തിരികെ നൽകാനായി എന്ന ചാരിതാർത്ഥ്യമുണ്ട്. മായാത്ത വേദനയായി ഇനിയും ആ പതിനൊന്നുപേരുകൾ മനസ്സിലുണ്ട്. മുത്തപ്പൻകുന്ന്‌ ഇടിഞ്ഞുവീണ നാൽപ്പതടിയോളമുള്ള മണ്ണിന്റെ ആഴങ്ങളിലല്ല, ഞങ്ങൾ രക്ഷാപ്രവർത്തകരുടെ മനസ്സിന്റെ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങൾ തിളങ്ങിനിൽക്കും!.

അഗ്നിരക്ഷാസേന ഈ കുറിപ്പുകളെഴുതുന്നത് ചാരിതാർത്ഥ്യത്തോടെയാണ്. കഴിയാവുന്നതെല്ലാം ചെയ്തു എന്ന ചാരിതാർത്ഥ്യം. ദുരന്തംകൊണ്ട് ശൂന്യമായ മനസ്സുമായി നിൽക്കുന്ന മനുഷ്യരുടെയടുത്തേക്കാണ് ഒൻപതിന് ഉച്ചയോടെ സംഘമെത്തുന്നത്. അവിടെ കൂടിയവർക്കെല്ലാം വല്ലാത്ത മരവിപ്പ് വന്നുപെട്ടിരുന്നുവെന്ന് അഗ്നിരക്ഷാ ഓഫീസർ എം. അബ്ദുൾഗഫൂർ ഓർക്കുന്നു. എത്രപേർ മരിച്ചു എന്നൊന്നും അപ്പോൾ അറിയില്ലായിരുന്നു. ഒൻപതിന് 1.20-നാണ് ജില്ലാകളക്ടറുടെ നിർദേശമനുസരിച്ച് സേന അവിടെയെത്തുന്നത്. വീടുകളുടെ സ്ഥാനം, എവിടെയെല്ലാം താമസമുണ്ടായിരുന്നു എന്നൊന്നും അറിയില്ല.

കേരളത്തിലെ അഗ്നിരക്ഷാസേന ഇടപെട്ട ഏറ്റവുംവലിയ ഓപ്പറേഷന് തുടക്കം. 48 പേരുടെ മൃതദേഹം കണ്ടെടുക്കാനായി എന്നതും വലിയ കാര്യം. ഇൻസിഡന്റ് കമാൻഡ് സിസ്റ്റം അനുസരിച്ചാണ് സേനയുടെ പ്രവർത്തനമുണ്ടായത്. കമാൻഡും കൺട്രോളും സേന ഏറ്റെടുത്തു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിൽനിന്നുള്ള സേനാംഗങ്ങൾ കൂടിയെത്തി. ജില്ലയിൽ നിന്നുള്ളവരല്ലാത്തവർ ഓരോ അഞ്ചുദിവസം കഴിയുമ്പോഴും മാറിവന്നു. ദിവസവും രാവിലെ യോഗംചേർന്ന് ചർച്ചചെയ്തു. വൈകുന്നേരങ്ങളിൽ അന്നത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്മകൾ ചർച്ചചെയ്തു. കൺട്രോൾറൂം പ്രവർത്തനം തുടങ്ങി. ആദ്യദിവസങ്ങളിൽ ഭക്ഷണംപോലും ഇല്ലാതെയാണ് സേനാംഗങ്ങൾ ജോലിചെയ്തത്. സേനയുടെ ഏഴ്‌ ആംബുലൻസുകൾ മുഴുവൻസമയവും സേവനസന്നദ്ധമായുണ്ടായിരുന്നു.