പുത്തുമല: പുത്തുമലയെന്ന ചെറുഗ്രാമത്തിലേക്ക് കുത്തിയൊഴുകിയെത്തിയ മണ്ണും കല്ലും വെള്ളവും പച്ചക്കാട്ടിലേതായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ഒരു പ്രദേശത്തെ മുഴുവനായും തൂത്തെറിഞ്ഞത് ഇവിടെനിന്ന് പൊട്ടിയടർന്ന പാറക്കല്ലുകളാണ്. മേലെ പച്ചക്കാട്, പച്ചക്കാട് എന്നിവിടങ്ങളിലായി എൺപതോളം വീടുകളുണ്ടായിരുന്നു. ഇപ്പോൾ പുറത്തുകാണുന്നത് പതിനൊന്നെണ്ണം മാത്രം. ബാക്കി വീടുകളെല്ലാം മണ്ണിനടിയിൽ.

ഭാഗ്യംകൊണ്ടാണ് ഇവിടത്തുകാർ രക്ഷപ്പെട്ടത്. ഉരുൾപൊട്ടലുണ്ടായതിന്റെ തലേന്ന് ഇവരെല്ലാം മാറിയിരുന്നു. ഒരു വീട് തകർന്നതായിരുന്നു വരാനിരുന്ന വലിയ ദുരന്തത്തിന്റെ ആദ്യ സൂചന. കൺമുന്നിൽ വീടു തകരുന്നത് കണ്ടവർ ഒട്ടുംസംശയിക്കാതെ മലയിറങ്ങി. വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും ഉരുൾപൊട്ടി. മുന്നൂറിലധികം പേരാണ് ഇവിടെ താമസിച്ചിരുന്നത്.

കാണാതായവരിൽ പച്ചക്കാട്ടുകാരുമുണ്ട്. ഹംസയും അവറാനും അബൂബക്കറും. ഇവിടുന്ന് പോയശേഷം ചില അത്യാവശ്യ കാര്യങ്ങൾക്ക് തിരിച്ചെത്തിയതാണിവർ.

പ്രാഥമിക കണക്കുകളനുസരിച്ച് പച്ചക്കാട് മേഖലയിൽ 54 വീടുകൾ പൂർണമായി തകർന്നു. ഭാഗികമായി തകർന്നവയും ഉപയോഗ ശൂന്യമാണ്. ഇനിയൊരിക്കലും ജനവാസം സാധ്യമാകാത്ത വിധം പച്ചക്കാട് തകർന്നു. അഞ്ച് സെന്റുമുതൽ 15 സെന്റുവരെയുള്ളവരുടെ ഒരു ആയുഷ്‌കാലത്തെ സമ്പാദ്യം മണ്ണിനടിയിലായി. ഭയന്നോടിയവരിൽ ഭൂരിഭാഗവും നാടിന്റെയും വീടിന്റെയും ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ടില്ല. ഇനിയതു കാണാനുള്ള ത്രാണിയും അവർക്കില്ല.

Content Highlights: Puthumala have huge loss over Kerala Flood 2019