വൈക്കം: വേമ്പനാട്ട് കായലിന്റെ രക്ഷകൻ രാജപ്പനെങ്കിൽ പുരുഷൻ മൂവാറ്റുപുഴയാറിന്റെ സംരക്ഷകനാണ്. നേരം പുലരുമ്പോൾ തന്നെ പുരുഷൻ മൂവാറ്റുപുഴയാറ്റിലെത്തും. ചെറുവള്ളത്തിൽ കുപ്പികളും മാലിന്യവും ശേഖരിച്ച് പുഴയെ ശുചീകരിക്കുകയാണ് ലക്ഷ്യം. ഇൗ മാലിന്യം വിറ്റാൽ കിട്ടുന്ന ചെറിയ തുകയാണ് പുരുഷന്റെ ആഹാരവഴിയും.

വൈകീട്ട് അഞ്ചുമണിയോടെയാണ് തിരികെയുള്ള യാത്ര. അപ്പോഴേക്കും പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് വള്ളം നിറഞ്ഞിരിക്കും. ജീവിതമാർഗമായാണ് തുടങ്ങിയതെങ്കിലും പുരുഷന് ഇപ്പോൾ ഇത് ജീവശ്വാസമാണ്. പകൽമുഴുവൻ മൂവാറ്റുപുഴയാറിലെ വെള്ളത്തിൽ. രാത്രിയിൽ വീട്ടിൽ വന്ന് ഉറക്കം. വീണ്ടും പുലർച്ചെ വള്ളവുമായി മൂവാറ്റുപുഴയാറ്റിലേക്ക്. പ്രകൃതിയും പുഴയുമുണ്ടെങ്കിലേ മനുഷ്യനുള്ളൂവെന്ന് പുരുഷൻ പറയും.

മുമ്പ് ചുമട്ടുതൊഴിലാളിയായിരുന്നു മറവൻതുരുത്ത് ഗ്രാമപ്പഞ്ചായത്ത് ആറാംവാർഡിലെ കണ്ടത്തിൽ വീട്ടിൽ പുരുഷൻ. കാൽമുട്ടിന് വേദനവന്നതോടെയാണ് വീടിന് സമീപത്തുകൂടി ഒഴുകുന്ന മൂവാറ്റുപുഴയാർ ജീവിതമാർഗം കാണിച്ചുകൊടുത്തത്. പുഴയിലൂടെ ഒഴുകിനീങ്ങുന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിവിറ്റാൽ വരുമാനമാകും എന്നതായിരുന്നു പ്രതീക്ഷ. 2013-ലായിരുന്നു ഇത്.

ആദ്യം വള്ളം വാടകയ്ക്ക് എടുത്തും പിന്നീട് സ്വന്തമായി വള്ളം വാങ്ങിയും ഇത് തുടരുന്നു. രാവിലെത്തെയും ഉച്ചയ്ക്കത്തെയും ഭക്ഷണം ഈ 76-കാരന്റെ വള്ളത്തിലുണ്ടാകും. പുഴയെ ശുചീകരിച്ചതിന് സി.കെ.ആശ എം.എൽ.എ.യുടെ അനുമോദനവും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മുൻഗ്രാമപ്പഞ്ചായത്തംഗം പദ്മനന്ദനന്റെ സഹായം പുരുഷൻ സ്നേഹത്തോടെ ഒാർക്കുന്നു. പ്ലാസ്റ്റിക് കുപ്പികളുമായി വരുമ്പോൾ കാറ്റിൽ വള്ളംമറിഞ്ഞ് അപകടം ഉണ്ടായ സന്ദർഭവുമുണ്ട്. ഓമനയാണ് ഭാര്യ. ഗിരീഷ്, ബിന്ദു എന്നിവർ മക്കളാണ്.

പുഴയെ നശിപ്പിക്കരുത്

പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞ് പുഴയെ നശിപ്പിക്കരുത്. പ്രകൃതിയും പുഴയുമുണ്ടെങ്കിലെ മനുഷ്യനുള്ളൂ. 16,452 കിലോ പ്ലാസ്റ്റിക് കുപ്പികൾ പുഴയിൽനിന്ന് വാരിയെടുത്തിട്ടുണ്ട്. ജീവിതമാർഗമാണിതെങ്കിലും പ്രകൃതിക്ക്‌ ഗുണം കൂടിയാണ്.-പുരുഷൻ, കണ്ടത്തിൽ.