* ഉടമകള്‍ ആര്‍.ടി. ഓഫീസുകളില്‍ ഹിയറിങ്ങിന് എത്തിത്തുടങ്ങി

 
കാക്കനാട്: കൊച്ചിയില്‍ നികുതി വെട്ടിച്ചോടുന്നത് പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള 118 ആഡംബരക്കാറുകള്‍. ഇതില്‍ ഭൂരിഭാഗവും കൊച്ചി നഗരത്തില്‍ത്തന്നെയുള്ളവയാണ്. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തയ്യാറാക്കിയ ആദ്യഘട്ട പട്ടികയിലാണ് ജില്ലയില്‍ മേല്‍വിലാസമുള്ള 118 പേരെ കണ്ടെത്തിയത്.

കാറുടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കി. ഇതില്‍ 25 ഉടമകള്‍ ആര്‍.ടി. ഓഫീസുകളില്‍ ഹിയറിങ്ങിന് എത്തി വിശദീകരണം നല്‍കി. എട്ടുപേര്‍ നികുതിയടയ്ക്കാമെന്നു സമ്മതിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. 20 ലക്ഷത്തിനു മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 20 ശതമാനം നികുതിയെന്നതാണ് മോട്ടോര്‍ വാഹന വകുപ്പ് ചട്ടം. ഈ നികുതി വെട്ടിക്കാന്‍ കേരളത്തില്‍നിന്നു വാങ്ങി പുതുച്ചേരിയിലെത്തിച്ചു വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ആദ്യഘട്ടത്തില്‍ കണ്ടെത്തിയ കാറുകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ജില്ലയില്‍ ഇനിയും ഒട്ടേറെ ആഡംബരക്കാറുകളുടെ രജിസ്‌ട്രേഷന്‍ നടന്നിട്ടുണ്ടെന്നും പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. നടപടി തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ നടന്‍ ഫഹദ് ഫാസിലിന്റെയും നടി അമല പോളിന്റെതടക്കമുള്ള വാഹനങ്ങള്‍ക്കായിരുന്നു നോട്ടീസ് നല്‍കിയത്. സംഭവം വിവാദമായതിനെ തുര്‍ന്ന് ഫഹദ് ആലപ്പുഴ ആര്‍.ടി. ഓഫീസില്‍ 17.68 ലക്ഷം രൂപ നികുതിയടച്ചു. എന്നാല്‍ അമല പോള്‍ കേരളത്തില്‍ നികുതിയടയ്ക്കില്ലെന്ന നിലപാടിലാണത്രെ. ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചു കൊടുക്കുന്ന ഒട്ടേറെ ഏജന്റുമാര്‍ കൊച്ചിയിലുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തല്‍. കാര്‍ വിലയനുസരിച്ച് 10 മുതല്‍ 25 ലക്ഷം രൂപ വരെ നികുതി വെട്ടിച്ചു കൊടുത്താണ് തട്ടിപ്പ്. ഒരു നിശ്ചിത ശതമാനമാണ് കമ്മിഷന്‍. ആഡംബരക്കാറുകള്‍ വാങ്ങുന്നയാള്‍ക്കാരെ സമീപിച്ച് നിസ്സാര സമയത്തിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി തരാമെന്ന് പറയുകയാണ് രീതി. വാഹനം പുതുച്ചേരിയിലെത്തിച്ച് രജിസ്‌ട്രേഷന്‍ നടത്തും. മിക്ക കാറുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതു വ്യാജ വിലാസങ്ങളിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. പുതുച്ചേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന റാക്കറ്റിന്റെ കേരളത്തിലെ ഏജന്റുമാരായാണ് ഇവരുടെ പ്രവര്‍ത്തനം.