മാങ്കുളം: സമ്പൂർണ അടച്ചിടൽമൂലം നിർമാണം നിർത്തിവെച്ച വൻകിട റോഡുകളുടെ പ്രവൃത്തികൾ പുനരാരംഭിക്കാൻ പൊതുമരാമത്തുവകുപ്പ്. ആദ്യഘട്ട അടച്ചിടൽ അവസാനിക്കുന്ന 14-ന് ശേഷം പ്രവൃത്തികൾ ആരംഭിക്കാനാണ് നീക്കം. ഇതിനുള്ള അനുമതി തേടി സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

മഴയ്ക്ക് മുമ്പ് പ്രധാന റോഡുകളുടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെങ്കിലും നിർമാണ സാമഗ്രികൾ കിട്ടുമോ എന്നതിൽ ആശങ്കയുണ്ട്. തൊഴിലാളി ക്ഷാമത്തിനും സാധ്യതയുണ്ട്.

ദേശീയപാത വിഭാഗം, കേന്ദ്ര റോഡ് ഫണ്ട് എന്നിവയുടെ കീഴിൽവരുന്ന റോഡുകൾ, സംസ്ഥാന-ജില്ലാ റോഡുകൾ എന്നിവയുടെ നിർമാണം ആണ് അടച്ചിടൽമൂലം നിലച്ചത്. ഗ്രാമീണറോഡുകൾ പലതും അറ്റകുറ്റപ്പണി നടത്തിയിരുന്നു. വലിയ പ്രവൃത്തികൾ നിലച്ചതോടെ റോഡ് നിർമാണം പ്രതിസന്ധിയിലായി. പല റോഡുകളുടെയും പ്രവൃത്തികൾ 20 മുതൽ 90 ശതമാനംവരെ പൂർത്തിയായിരുന്നു. മഴയ്ക്ക് മുമ്പ് ഇവ പൂർത്തിയാക്കിയില്ലെങ്കിൽ ചെയ്ത പ്രവൃത്തികൾ പലതും നശിക്കും. സംഭരിച്ച നിർമാണസാമഗ്രികളും നശിക്കും. ഓരോ ജില്ലയിലും നിർമാണം നിലച്ച വൻകിട പ്രവൃത്തികൾ സംബന്ധിച്ച് പൊതുമരാമത്തുവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്. ഇതിൽ ഉടൻ നിർമാണം ആരംഭിക്കേണ്ട പ്രവൃത്തികളുടെ പട്ടിക തയ്യാറാക്കി. അടച്ചിടൽ തീരുന്നമുറയ്ക്ക് പ്രധാന പ്രവൃത്തികൾ പുനരാരംഭിക്കും. നിർമാണത്തിന് ആവശ്യമായ സാമഗ്രികൾ എത്തിക്കാനും തൊഴിലാളികളെ സജ്ജമാക്കാനും ജില്ലാ ഭരണകൂടത്തിന് ചുമതല നൽകിയേക്കുമെന്നാണ് പറയുന്നത്.

കോവിഡ് സുരക്ഷാ മുൻകരുതൽ പാലിച്ചുകൊണ്ട് മാത്രമേ പ്രവൃത്തികൾക്ക് അനുമതി നൽകൂ. അടച്ചിടൽ പ്രഖ്യാപനം വന്നതോടെ തമിഴ്‌നാട് തൊഴിലാളികൾ മിക്കവരും തിരികെപ്പോയി. ഉത്തരേന്ത്യൻ തൊഴിലാളികൾ ആണുള്ളത്. അതുകൊണ്ട് തൊഴിലാളി ക്ഷാമത്തിന് സാധ്യത ഉണ്ട്. പാറമടകളും ക്രഷർ യൂണിറ്റുകളും അടഞ്ഞുകിടക്കുന്നതിനാൽ നിർമാണ സാമഗ്രികൾ കിട്ടാനും ബുദ്ധിമുട്ട് ഉണ്ടാവും. അതിനിടെ അടച്ചിടൽ തീരുന്നതുവരെയുള്ള കാലത്തേക്ക് വൻകിട പ്രവൃത്തികളുടെ നിർമാണ കാലാവധി നീട്ടിനൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

Content Highlights: Public Works Department to resume construction of major roads; Proposal to finish before the rain