കൊല്ലം : കോവിഡ് പ്രതിസന്ധിയിൽപ്പെട്ട പൊതുഗതാഗതം തിരിച്ചുകയറുന്നു. ബസ്, തീവണ്ടിയാത്രക്കാരുടെ എണ്ണത്തിൽ ഒരുമാസത്തിനിടെ അമ്പതുശതമാനത്തിലേറെ വർധനയാണുണ്ടായിരിക്കുന്നത്. 25-30 ശതമാനം യാത്രക്കാരുണ്ടായിരുന്ന ചില തീവണ്ടികൾ നിറഞ്ഞോടുകയാണിപ്പോൾ. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ്, എറണാകുളം-പട്‌ന എക്സ്പ്രസ് തുടങ്ങിയ ദീർഘദൂര തീവണ്ടികളിൽ നൂറുശതമാനത്തിന് മുകളിലേക്ക് ബുക്കിങ് മാറിയിട്ടുണ്ട്. ജനശതാബ്ദി എക്സ്പ്രസിൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ സീറ്റെണ്ണത്തിനു മുകളിൽ യാത്രക്കാരുണ്ട്. എന്നാൽ കേരളത്തിലോടുന്ന വേണാട് എക്സ്പ്രസിൽ യാത്രക്കാരുടെ എണ്ണം പകുതിയിൽ താഴെയാണ്.

നവംബർ ആദ്യയാഴ്ച പ്രതിദിനം ശരാശരി എട്ടുലക്ഷംപേർ യാത്രചെയ്തിരുന്ന കെ.എസ്.ആർ.ടി.സി.യിൽ മാസാവസാനം 11 ലക്ഷത്തിലേറെ യാത്രക്കാരുണ്ട്. വരുമാനം 50 ശതമാനംവരെ കൂടി. രണ്ടുകോടിയിൽ താഴെയായിരുന്ന പ്രതിദിനവരുമാനം മൂന്നുകോടി വരെയെത്തി. ഒരു കിലോമീറ്റർ ബസ് ഓടുമ്പോൾ ലഭിക്കുന്ന വരുമാനം 33 രൂപയിൽനിന്ന് 39-ലേക്ക് ഉയർന്നു. കോവിഡ് അടച്ചിടലിനുശേഷം പൊതുഗതാഗതം തുടങ്ങിയപ്പോൾ 20 ലക്ഷമായിരുന്നു കെ.എസ്.ആർ.ടി.സി.യുടെ പ്രതിദിനവരുമാനം.

സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ എണ്ണവും വരുമാനവും അഞ്ചുമടങ്ങ് വർധിച്ചിട്ടുണ്ട്. പൊതുഗതാഗതം അനുവദിച്ച സമയത്ത് 90 ശതമാനത്തിലേറെ സ്വകാര്യബസുകൾ ജി.ഫോം (ഗാരേജ് ഫോം) നൽകി ഓടിക്കാതെ കയറ്റിയിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ 50 ശതമാനത്തോളം ബസുകൾ സർവീസ് നടത്തുന്നുണ്ട്.

പഴയനിലയിലേക്കെത്താൻകാത്തിരിക്കുന്നു

: കോവിഡ് അടച്ചിടൽ കഴിഞ്ഞ് ബസ് സർവീസ് തുടങ്ങിയ സമയത്ത് 10 ശതമാനത്തിൽ താഴെ സ്വകാര്യ ബസുകളേ നിരത്തിലിറങ്ങിയിരുന്നുള്ളൂ. യാത്രക്കാരുടെ എണ്ണം കൂടിയതിനാൽ ഇപ്പോൾ അമ്പതുശതമാനത്തോളം ബസുകൾ ഓടുന്നുണ്ട്. പാടേ തകർന്നുപോയ വ്യവസായം പഴയ നിലയിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ്.

-ലോറൻസ് ബാബു,

ജനറൽ സെക്രട്ടറി,

കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ